കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാൻ അനുമതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടതുപോലെ അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളില്‍ 10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര വിജ്ഞാപനമിറക്കി. ഇതിന്‍െറ പശ്ചാത്തലത്തില്‍ എല്ലാ സീറ്റുകളില്‍നിന്നും 10 ലക്ഷം രൂപ വാങ്ങാന്‍ അനുമതി തേടി കോഴിക്കോട് കെ.എം.സി.ടി സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഫീസ് 10 ലക്ഷമായി ഉയര്‍ത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ മാനേജ്മെന്‍റിന്‍െറ നിലപാടിനൊപ്പം നിന്ന് വിജ്ഞാപനമിറക്കിയത്.

കേരളത്തില്‍ അവശേഷിക്കുന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് പ്രവേശം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ഏഴ് വരെ സുപ്രീംകോടതിയില്‍ നിന്ന് സമയം നേടിയിരുന്നു. നീറ്റ് പട്ടികയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനടപടി പൂര്‍ത്തിയാക്കണം എന്ന നിബന്ധനയോടെയായിരുന്നു ഇത്. എന്നാല്‍, ഇതിനിടെ, മെറിറ്റ് സീറ്റ് അടക്കം എന്‍.ആര്‍.ഐ ക്വോട്ട ഒഴികെയുള്ള എല്ലാ സീറ്റുകളിലും 10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജും 7.45 ലക്ഷം രൂപ വാങ്ങാന്‍ പാലക്കാട് കരുണ മെഡിക്കല്‍ കോളജും ഹൈകോടതിയില്‍ നിന്ന് അനുമതി നേടിയെടുത്തു.

മെറിറ്റ് വിദ്യാര്‍ഥികളില്‍ നിന്ന് ഇത്രയും ഫീസ് വാങ്ങാനാവില്ളെന്ന് വ്യക്തമാക്കി ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മെറിറ്റിലടക്കം എല്ലാ സീറ്റുകളിലും 10 ലക്ഷം രൂപ വാങ്ങാന്‍ തങ്ങളെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കെ.എം.സി.ടിയും സുപ്രീംകോടതിയെ സമീപിച്ചു. കെ.എം.സി.ടിയുടെ ഹരജി ബുധനാഴ്ച സുപ്രീംകോടതി പരിഗണനക്കെടുത്തപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ വിജ്ഞാപനം പുറംലോകമറിഞ്ഞത്.

തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്‍െറ വെളിച്ചത്തില്‍ ഹരജി പിന്‍വലിക്കുകയാണെന്ന് കെ.എം.സി.ടിക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ ബോധിപ്പിച്ചു. മെറിറ്റിലടക്കം അവശേഷിക്കുന്ന എല്ലാ സീറ്റുകളിലും കോഴിക്കോട് കെ.എം.സി.ടിക്കും കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിനും 10 ലക്ഷം രൂപ വീതവും പാലക്കാട് കരുണ മെഡിക്കല്‍ കോളജിന് 7,45,000 രൂപ വീതവും വാങ്ങാമെന്ന് വ്യക്തമാക്കി. ഈ കോളജുകള്‍ക്ക് എന്‍.ആര്‍.ഐ ക്വോട്ടയില്‍ യഥാക്രമം 18 ലക്ഷം വീതവും 13 ലക്ഷവും വാങ്ങാം. ആദ്യത്തെ രണ്ട് കോളജുകള്‍ക്ക് ഫീസ് കൂടാതെ 10 ലക്ഷം രൂപ പലിശരഹിത ഡെപ്പോസിറ്റ് വാങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തിലൂടെ നല്‍കി.

Tags:    
News Summary - self fincing colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.