തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് കൊട്ടപ്പുറം സീഡാക് കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സിലെ കെ.പി. അമീന്‍ റാഷിദിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ അന്വേഷണം.
അമീന്‍ റാഷിദ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തുവരുകയാണെന്നും കോളജിലെ റെഗുലര്‍ വിദ്യാര്‍ഥിയല്ലെന്നും ചൂണ്ടിക്കാട്ടി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ പ്രതിനിധിയും സര്‍വകലാശാല കായികവിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥിയുമായ സി.എച്ച്. അമല്‍ വരണാധികാരിയായ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് എന്നിവര്‍ക്കും തദ്ദേശ സ്വയംഭരണ മന്ത്രിയെന്ന നിലയില്‍ എം.ബി. രാജേഷിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം നടത്തി ഉചിതനടപടി സ്വീകരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിയമാനുസൃതം കോളജ് അധികൃതരില്‍നിന്ന് അമീന്‍ റാഷിദില്‍നിന്നും വിശദീകരണം തേടും.
എസ്.എഫ്.ഐ ആരോപണത്തെ തുടര്‍ന്ന് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ രേഖകളും പരിശോധിച്ചേക്കും. കോളജിലെ ബി.എ ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണെന്ന് രേഖാമൂലം അറിയിച്ചാണ് അമീന്‍ റാഷിദ് എം.എസ്.എഫ് പ്രതിനിധിയായി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചത്. അമീന്‍ റെഗുലര്‍ വിദ്യാര്‍ഥിയാണെന്നും ഒന്നാം സെമസ്റ്ററില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നുവെന്നും ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടില്ലെന്നും രണ്ടാം സെമസ്റ്റര്‍ മുതല്‍ കൃത്യമായി ക്ലാസില്‍ വരാറുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചായത്തില്‍ മൂന്ന് മാസമാണ് അമീന്‍ ജോലി ചെയ്തത്. അതിനാല്‍ ആ കാലയളവില്‍ ക്ലാസിന് പോയിട്ടില്ല. ഇത്തവണ സപ്ലിമെന്ററി പരീക്ഷയാണ് എഴുതുന്നത്. സര്‍വകലാശാല അന്വേഷണം നടക്കട്ടെയെന്നും ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കാനാണെന്നും എം.എസ്.എഫ് നേതൃത്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.