തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതിരഹസ്യസ്വഭാവമുള്ള ‘ടി ബ്രാഞ്ചിലെ’ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിെൻറ നിർദേശം. ഇതുമായി ബന്ധപ്പെട്ട് 2009 ൽ പുറെപ്പടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് സെന്‍കുമാര്‍ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു. പൊലീസ് ആസ്ഥാനത്ത് വിവരാവകാശ നിയമം കർശനമായി പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന പൊലീസുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളും അതിരഹസ്യ സ്വഭാവമുള്ളതാണെന്ന് പറഞ്ഞ് മറുപടി നൽകാറില്ലായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് സെൻകുമാർ സർക്കുലർ പുറപ്പെടുവിച്ചത്. പൊലീസ് ആസ്ഥാനത്തെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഫയലുകൾ സൂക്ഷിക്കുന്ന വിഭാഗമാണ് ടി ബ്രാഞ്ച്.
ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ഉൾപ്പെടെ ഇൗ വിഭാഗത്തിലാണുള്ളത്. ‘ടി ബ്രാഞ്ച് ’ വിവരാവകാശ നിയമപരിധിയില്‍ വരുമെന്ന് വ്യക്തമാക്കി 2009 ല്‍ അന്നത്തെ മേധാവി ജേക്കബ് പുന്നൂസ് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം കര്‍ശനമായി പിന്തുടരണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്കാതിരുന്നാല് സംസ്ഥാന മനുഷ്യാവകാശ കമീഷനോട് നടപടിക്ക് ശിപാര്‍ശ ചെയ്യാമെന്നും 2009 ലെ ഉത്തരവിലുണ്ട്. അതും സെൻകുമാർ ഓർമിപ്പിക്കുന്നു.
എന്നാൽ, ടി ബ്രാഞ്ചിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ സര്‍ക്കാറിനും ഒരുവിഭാഗം ഉദ്യോഗസ്ഥർക്കും വിയോജിപ്പാണ്. സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന സെൻകുമാർ, ഡി.ജി.പിയായി ചുമതലയേറ്റയുടൻ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു.
സെൻകുമാർ സർക്കാറുമായി നിയമയുദ്ധം നടത്തിയ കാലത്ത് പുറ്റിങ്ങല്‍, ജിഷ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചെങ്കിലും മറുപടി നൽകിയിരുന്നില്ല. അതിെൻറ പേരിലാണ് ബീനയെ മാറ്റിയതെന്നാണ് പൊലീസ് ആസ്ഥാനം ജീവനക്കാരുടെ ആരോപണം.
എന്നാല്‍, ഇൗ സ്ഥലംമാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ടി ബ്രാഞ്ചിനെയും വിവരാവകാശ പരിധിയിൽ കൊണ്ടുവരാൻ സെൻകുമാർ തീരുമാനിച്ചതത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.