ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണം: ‘അതിജീവിതകളുടെ മൊഴി ചോർത്തുന്നു, ജീവനക്കാരോട് തെരുവുനായ്ക്കളെപ്പോലെ പെരുമാറുന്നു’

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരി. കമ്മിറ്റി മുമ്പാകെ അതിജീവിതകൾ നൽകുന്ന മൊഴികൾ ആരോപണ വിധേയർക്ക് ചോർത്തി നൽകുന്നതായി അക്കാദമി ഫെസ്റ്റിവൽ സെക്ഷൻ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന ജെ. ശ്രീവിദ്യ ആരോപിച്ചു. ഭരണസമിതിയുടെ നേതൃത്വത്തിൽ അക്കാദമിയിൽ നടക്കുന്നത് വഴിവിട്ട നീക്കങ്ങളാണെന്നും ഇവർ പറഞ്ഞു.

ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. വർഷങ്ങളായി കുത്തഴിഞ്ഞ പ്രവർത്തനമാണ് ചലച്ചിത്ര അക്കാദമിയിൽ നടക്കുന്നതെന്ന് ഇവർ ആരോപിച്ചു. അക്കാദമിയിൽ എട്ട് വർഷത്തോളം ഫെസ്റ്റിവൽ സെക്ഷനിലെ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന ശ്രീവിദ്യ ഒരു മാസം മുൻപാണ് രാജിവെച്ചത്.

അക്കാദമി ട്രഷറർ ശ്രീലാൽ, തെരുവുനായ്ക്കളെപ്പോലെയാണ് ഓഫീസ് ജീവനക്കാരോട് പെരുമാറുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമാണ് അക്കാദമിയിൽ നടക്കുന്നതെന്നുമാണ് ആരോപണം. അക്കാദമിയിലെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി എന്ന ഐ.സി.സി സംവിധാനത്തിന് രഹസ്യാത്മകതയില്ല. സ്ത്രീകൾ നൽകുന്ന പരാതികളും അവർ നൽകുന്ന മൊഴികളും ആരോപണ വിധേയർക്ക് ലഭിക്കുന്നുവെന്നും ശ്രീവിദ്യ പറഞ്ഞു.

തെറ്റായ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ, തന്നെ അക്കാദമിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചത് അക്കാദമി അംഗം കുക്കു പരമേശ്വരനാണ്. തുടർന്ന് നിവൃത്തിയില്ലാതെയാണ് ഒരുമാസം മുൻപ് രാജിവെച്ചത്. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി ശ്രീവിദ്യ മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

Tags:    
News Summary - Serious allegation against the Kerala State Chalachitra Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.