ലാബ് പരിശോധനയിൽ ഗുരുതര പിഴവ്; വയോധികക്ക് 15,000 രൂപ നഷ്​ടപരിഹാരം നൽകണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ നടത്തിയ രക്തപരിശോധനയിൽ പ്ലേറ്റ്​​െലറ്റ് കൗണ്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ വയോധികയായ രോഗിക്ക് 15,000 രൂപ നഷ്​ടപരിഹാരം നൽകണമെന്ന്​ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്​. ​

ജില്ല മെഡിക്കൽ ഓഫിസർ നഷ്​ടപരിഹാരം നൽകിയ ശേഷം തുക ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. 67 വയസ്സുള്ള പ്രസന്നയുടെ രക്തപരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.

പ്രമേഹചികിത്സയുടെ ഭാഗമായാണ് പ്രസന്നയുടെ പ്ലേറ്റ്​ലെറ്റ് കൗണ്ട് ജനുവരി നാലിന്​ ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദത്തിലെ ലാബിൽ പരിശോധിച്ചത്. ഫലം വന്നപ്പോൾ 10,000 സെൽസ് മാത്രമാണ് കണ്ടെത്തിയത്. ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് അവശ്യം വേണ്ട സെൽസ്. രോഗിക്ക് അടിയന്തരമായി വിദഗ്​ധചികിത്സ നൽകണമെന്ന നിർദേശത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ 1,82,000 സെൽസ് കണ്ടെത്തി. ഇത് സംബന്ധിച്ച് പരാതി പറയാൻ ആശുപത്രിയിലെത്തിയപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.  

Tags:    
News Summary - Serious error in lab testing; Human Rights Commission seeks Rs 15,000 compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.