ബേപ്പൂർ: കേന്ദ്ര സെർവർ തകരാർ കാരണം, സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സമ്പാദ്യ സമാശ്വാസപദ്ധതി തുകയുടെ വിതരണം വൈകുന്നു.
കേന്ദ്ര വിഹിതമായി ലഭിച്ച 26 കോടി രൂപയാണ് പബ്ലിക് ഫണ്ട് മാനേജ്മെൻറ് സിസ്റ്റത്തിെൻറ (പി.എഫ്.എം.എസ്) സോഫ്റ്റ് വെയർ തകരാറിനെ തുടർന്ന് നൽകാനാകാത്തത്. ഫണ്ട് ലഭിച്ച് ഒരു മാസമായിട്ടും 30 ശതമാനം തുക പോലും തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് മാറ്റാനായിട്ടില്ല. 1,79,316 ഗുണഭോക്താക്കൾക്കാണ് തുക നൽകേണ്ടത്. ആദ്യമായാണ് ഫിഷറീസ് വകുപ്പിലെ സഹായ വിതരണം ഈ സോഫ്റ്റ് വെയറിലേക്ക് മാറ്റിയത്.
കേന്ദ്ര ഫണ്ടുകൾ ഈ സിസ്റ്റം വഴി മാത്രമേ നൽകാവൂ എന്നാണ് നിർദേശം. ട്രഷറി വഴി നൽകിയാൽ അന്നുതന്നെ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ ലഭിച്ചിരുന്നു. പി.എഫ്.എം.എസ് സോഫ്റ്റ് വെയറുമായി ജില്ലാ സഹകരണ ബാങ്ക്, കോസ്റ്റൽ അർബൻ ബാങ്ക് എന്നിവ ഉൾപ്പടെ സഹകരണ ബാങ്കുകളെ ലിങ്ക് ചെയ്യാത്തതും പ്രതിസന്ധി രൂക്ഷമാക്കി. പദ്ധതിപ്രകാരം 4500 രൂപയാണ് തൊഴിലാളികൾക്ക് നൽകേണ്ടത്. ഇതിൽ 1500 രൂപ ഗുണഭോക്തൃ വിഹിതവും 1500 രൂപവീതം കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതവുമാണ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷത്തോളം കേന്ദ്ര വിഹിതം ലഭിച്ചിരുന്നില്ല.
അതുകൂടി സംസ്ഥാന സർക്കാറാണ് നൽകിവരുന്നത്. സംസ്ഥാന വിഹിതം ഉൾെപ്പടെ 3000 രൂപ സർക്കാർ ജൂണിൽ നൽകിയിരുന്നു. ശേഷിച്ച 1500 രൂപയാണ് ഇപ്പോൾ തൊഴിലാളികൾക്ക് നൽകേണ്ടത്. അടുത്ത വർഷത്തേക്കുള്ള ഗുണഭോക്തൃ വിഹിതം മീൻപിടിത്ത തൊഴിലാളികളിൽനിന്ന് പിരിച്ചെടുക്കുന്ന സമയമാണിത്. ഇതുശേഖരിക്കുന്ന ജോലി തീരദേശ ജില്ലകളിൽ പുരോഗമിക്കുകയാണ്. എന്നാൽ, കേന്ദ്രവിഹിതം യഥാസമയം കിട്ടാത്തതിനാൽ ഗുണഭോക്തൃവിഹിതം നൽകാൻ തൊഴിലാളികൾ വിമുഖത കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.