ഫോ​ർ​ട്ട്കൊ​ച്ചി ബോ​ട്ട് ദു​ര​ന്തം (ഫ​യ​ൽ ചി​ത്രം)

ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഏഴ് വയസ്സ്

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് 11 ജീവൻ പൊലിഞ്ഞ ബോട്ടപകടത്തിന് ഇന്ന് ഏഴ് വയസ്സ്. 2015 ആഗസ്റ്റ് 26നായിരുന്നു കേരളത്തെ നടുക്കിയ ദുരന്തം. നാട് ഓണാഘോഷത്തിലമർന്ന വേളയിലായിരുന്നു മത്സ്യബന്ധന യാനത്തിന്‍റെ ഇടിയേറ്റ് ഫോർട്ട്കൊച്ചി- വൈപ്പിൻ സർവിസ് നടത്തിയിരുന്ന എം.വി. ഭാരത് എന്ന കൊച്ചി നഗരസഭയുടെ ബോട്ട് നെടുകെ പിളർന്ന് മുങ്ങിത്താഴ്ന്നത്. ഒട്ടേറെപ്പേർ രക്ഷപ്പെട്ടു.

വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിക്ക് പുറപ്പെട്ട ബോട്ട് ഉച്ചക്ക് ഒന്നരക്ക് ജെട്ടിക്ക് വാരകൾക്കകലെ വെച്ചാണ് ദുരന്തത്തിൽപെട്ടത്. 38 യാത്രക്കാരുണ്ടായിരുന്ന ബോട്ടിൽനിന്ന് 27 പേരെ രക്ഷപ്പെടുത്തി.ദുരന്തത്തെ രാഷ്ട്രീയ കക്ഷികൾ പ്രചാരണായുധമാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർത്തിയെങ്കിലും പിന്നീട് ദുരന്തം തന്നെ വിസ്മരിക്കപ്പെടുകയും ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചുലക്ഷം രൂപയും നഗരസഭ രണ്ടുലക്ഷം രൂപയും നഷ്ടപരിഹാരം നൽകി. പരിക്കേറ്റവർക്ക് ചികിത്സ സഹായമായി 10,000 രൂപയും ഗുരുതര പരിക്കേറ്റ രണ്ട് പേർക്ക് രണ്ടുലക്ഷം രൂപ വീതവും നഗരസഭ നൽകി. എന്നാൽ, ആശ്രിതർക്ക് ജോലി നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. പൊലീസ് എ.ഡി.ജി.പി അടക്കമുള്ള വിവിധ തല ഏജൻസികൾ കൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങൾ പ്രഹസനമാകുകയും യാത്രാബോട്ടിന്‍റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പണിത റോ-റോ ജങ്കാർ സർവിസാകട്ടെ അപകടം നടന്ന് മൂന്നുവർഷം പിന്നിട്ടിട്ടും പൂർണതോതിൽ സർവിസ് ക്രമീകരിക്കാനാവാതെ മുടന്തുകയാണ്. മരണപ്പെട്ടവരെ സ്മരിക്കുന്നതിനായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കമാലക്കടവിൽ ഇന്ന് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Seven Years of Fort Kochi Boat Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.