കണ്ണൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ കടുത്ത വിഭാഗീയതക്കും സാമ്പത്തിക തിരിമറിക്കുമെതിരെ കർശന നടപടിക്കൊരുങ്ങി പാർട്ടി നേതൃത്വം. സംഭവത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയെ ജില്ല സെക്രട്ടേറിയറ്റിൽനിന്ന് തരംതാഴ്ത്താൻ ജില്ല കമ്മിറ്റി ശിപാർശ.
ധനരാജ് രക്തസാക്ഷി, തെരഞ്ഞെടുപ്പ് ഫണ്ടുകളിലെ തിരിമറി സംബന്ധിച്ച വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെടെ ആറുപേർക്ക് ജില്ല കമ്മിറ്റി നേരത്തേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിലാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ എം.എൽ.എയെ തരംതാഴ്ത്താൻ നിർദേശമുണ്ടായത്. ഇതിനുപുറമെ അഞ്ചുപേർക്കെതിരെ നടപടിയും സ്വീകരിക്കും.
പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ ചുമതലയിൽനിന്ന് ഒഴിവാക്കും. പകരം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷിന് ചുമതല നൽകും. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. വിശ്വനാഥൻ, കെ.കെ. ഗംഗാധരൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തും. ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി സജീഷ് കുമാർ എന്നിവരെ പാർട്ടിക്കകത്ത് ശാസിക്കാനും തീരുമാനമായി.
അച്ചടക്ക നടപടിയെടുത്താൽ പാർട്ടിയുടെ പ്രതിച്ഛായക്ക് ദോഷമാകുമെന്നും പ്രശ്നം ഒത്തുതീർപ്പാക്കണമെന്നുമായിരുന്നു നേരത്തേ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ നിർദേശിച്ചത്. എന്നാൽ, സംഭവത്തിൽ കർശന നടപടി വേണമെന്നായിരുന്നു പയ്യന്നൂരിൽനിന്നുൾപ്പെടെയുള്ള നേതാക്കളുടെ നിലപാട്. ഇതേതുടർന്നാണ് എം.എൽ.എക്കെതിരെ നടപടിക്ക് സംസ്ഥാന കമ്മിറ്റിക്ക് ജില്ല കമ്മിറ്റി ശിപാർശ നൽകിയത്.
ഫണ്ട് കൈകാര്യം ചെയ്തതിനു പുറമെ ഇതിലുള്ള പരാതി പാർട്ടിക്ക് പുറത്തെത്തിച്ചതായും ജില്ല കമ്മിറ്റി വിലയിരുത്തി. ഇത് പാർട്ടിയിലെ വിഭാഗീയതയുടെ ഫലമാണ്. സാമ്പത്തിക തിരിമറി സംബന്ധിച്ച പരാതി ആദ്യമായി ഉന്നയിച്ചത് ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനായിരുന്നു. വിവരം പാർട്ടിക്ക് പുറത്തെത്തിച്ചതിനാലാണ് കുഞ്ഞികൃഷ്ണനെതിരെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.