കരമനയിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നു: അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: കരമന തളിയൽ റോഡിൽ അഗ്രഹാരങ്ങൾക്ക് സമീപം ഓടയിൽ നിന്ന് മലിനജലം റോഡിലേക്കും അതുവഴി കരമന നദിയിലേക്കും ഒഴുകുന്നത് തടയാൻ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

ഒരു വർഷത്തോളമായി മലിനജലം റോഡിലേക്കും നടപ്പാതയിലേക്കും ഒഴുകി പൊതുജനങ്ങൾക്ക് ഉപദ്രവമുണ്ടായിട്ടും ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി.

ജല അതോറിറ്റി സ്വീവറേജ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയോഗിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയർ, തിരുവനന്തപുരം നഗരസഭ കരമന സോൺ ഹെൽത്ത് ഇൻസ്പെക്ടർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ സംയുക്തമായി സ്ഥല പരിശോധന നടത്തണം.

സ്ഥല പരിശോധനക്ക് മുമ്പ് പരാതിക്കാർക്ക് മുൻകൂർ നോട്ടീസ് നൽകണം. പരിശോധക്ക് ശേഷം ഓട കരകവിഞ്ഞൊഴുകുന്നത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ വിശദീകരിച്ച് ഒരു റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ടാഴ്ചക്കുള്ളിൽസമർപ്പിക്കണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ഡിസംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. പ്രദേശവാസിയായ എസ്. ശിവ സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - Sewage flows into road in Karamana: Human Rights Commission calls for immediate resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.