കൊച്ചി: ദലിത് യുവതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം ഹൈകോടതി റദ്ദാക്കി. കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യമാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് അതിജീവിതയും, വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറും നൽകിയ അപ്പീലുകൾ പരിഗണിച്ചാണ് ഹൈകോടതി നടപടി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ സിവിക് ചന്ദ്രൻ ഹാജരാകണം.
രണ്ട് കേസുകളാണ് സിവികിനെതിരെയുള്ളത്. ഇതിൽ ഒരു കേസിൽ, സിവികിന്‍റെ പ്രായം പരിഗണിച്ച് അദ്ദേഹത്തിന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. പ്രതിഷേധങ്ങളെ തുടർന്ന് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയിരുന്നു. പിന്നീട്, 'പ്രകോപനപരമായ വസ്ത്രധാരണം' സ്ത്രീകളെ അപമാനിക്കാനുള്ള ലൈസൻസല്ലെന്ന് ഹൈകോടതി വ്യക്തമാക്കുകയും പരാമർശം നീക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.