'മാർക്​ ജിഹാദ്' പരാമർശത്തിനെതിരെ എസ്​.എഫ്​.ഐ; ' കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന്‌ വരുത്തിത്തീർക്കാൻ സംഘ്‌പരിവാർ ശ്രമം'

തിരുവനന്തപുരം: കേരളത്തിൽ 'മാർക്​ ജിഹാദ്‌' നടത്തുന്നുവെന്ന ഡൽഹി സർവകലാശാല പ്രഫസറുടെ വിവാദ പരാമർശത്തിനെതിരെ എസ്​.എഫ്​.ഐ. കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന്‌ വരുത്തിത്തീർക്കാനുള്ള സംഘ്‌പരിവാർ ശ്രമത്തിന്‍റെ ഭാഗമാണ്​ പ്രഫ. രാകേഷ്‌ കുമാർ പാണ്ഡെയുടെ വിവാദ പരാമർശമെന്ന്​ എസ്‌.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ വി.പി. സാനു പറഞ്ഞു.

ആർ.എസ്.എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയാണ്​ വിദ്വേഷ പ്രസ്​താവന നടത്തിയ രാകേഷ്‌ കുമാർ പാണ്ഡെ. മറ്റ്‌ വിദ്യാർഥികൾക്ക്‌ അവസരം കുറയ്‌ക്കുന്നു എന്ന്​ വരുത്തിത്തീർത്ത്​ മലയാളി വിദ്യാർഥികളെ ഡൽഹി സർവകലാശാലയിൽനിന്ന്​ ഒഴിവാക്കാനാണ്​ ശ്രമം. കേരളത്തിൽനിന്ന്‌ എന്ത്‌ വന്നാലും അത്‌ ജിഹാദ്‌ ആണെന്ന നിലയ്‌ക്ക്‌ കേരളത്തെ ഒരു മതതീവ്രവാദികളുടെ കേന്ദ്രമാക്കി മുദ്രകുത്താൻ വേണ്ടിയുള്ള വലിയ ശ്രമം എല്ലാ ഭാഗത്തുനിന്നും നടക്കുന്നുണ്ട്‌. അതിന്‍റെ ഭാഗം കൂടിയാണ്‌ ഈ പരാമർശം - സാനു പറഞ്ഞു.

വിദ്യാഭ്യാസരംഗത്ത്‌ മലയാളികൾ നേടിയെടുത്ത നേട്ടങ്ങളെ അവഹേളിക്കുന്നതാണ്‌ പ്രസ്‌താവന. ഇത്തവണ ഡൽഹി വാഴ്‌സിറ്റിയിലെ ഉയർന്ന കട്ട്‌ ഓഫ്‌ മാർക്കിലും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക്‌ അഡ്‌മിഷൻ ലഭിച്ചിരുന്നു. ഇതാണ്‌ പ്രഫസറെ ചൊടിപ്പിച്ചത്‌. പ്രവേശനത്തിന്​ അപേക്ഷിച്ച 2,50,000 പേരിൽ കേരളത്തിലെ 4,824 വിദ്യാർഥികളാണുള്ളത്​. ലൗ ജിഹാദിന്‌ സമാനമായ രീതിയിൽ മാർക്‌ ജിഹാദും കേരളത്തിൽ ഉണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു പ്രൊഫസറുടെ ട്വീറ്റ്‌.

'കേരളത്തിൽ നിന്നും ഡൽഹി സർവകലാശാലയിൽ കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികം. ഇടതുപക്ഷം ജെ എൻ യുവിൽ പരീക്ഷിച്ച നടപടി ഡൽഹി സർവകലാശാലയിലും നടപ്പാക്കുന്നു. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ്​ -കുമാർ പാണ്ഡെ പറഞ്ഞു.

'കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെ.എന്‍.യു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ അവര്‍ക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കെത്താന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും' -എന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചത്.

Tags:    
News Summary - sfi against mark jihad controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.