തലശ്ശേരി: എരഞ്ഞോളി കുണ്ടൂർമലയിൽ പ്രവർത്തിക്കുന്ന തലശ്ശേരി എൻജിനീയറിങ് കോളജിൽ സീനിയർ-ജൂനിയർ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ കോളജ് ഓഫിസിന്റെ വാതിൽ ചില്ലുകൾ തകർന്നു. ഫർണിച്ചറുകൾക്കും കേടുപാടുണ്ടായി. 12 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ തലശ്ശേരിയിലെ ജനറൽ ആശുപത്രി, കൊടുവള്ളി സഹകരണ ആശുപത്രി, മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.
വ്യാഴാഴ്ച ഉച്ച മുതൽ കോളജിൽ സംഘർഷം തുടങ്ങിയിരുന്നു. വൈകീട്ടാണ് ചേരിതിരിഞ്ഞ് കൂട്ടത്തല്ലായത്. പ്രശ്നങ്ങൾ രൂക്ഷമാവാതിരിക്കാൻ കോളജ് താൽക്കാലികമായി അടച്ചു. ഫൈൻ ആർട്സ് ഓഫ് സ്റ്റേജ് മത്സരങ്ങളിൽ രണ്ടാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥികളിൽ കഴിവുള്ളവരെ ഒഴിവാക്കിയെന്നതാണ് നാലാംവർഷ വിദ്യാർഥികളുമായി വാക്കേറ്റത്തിനിടയാക്കിയത്. ഏറ്റുമുട്ടലിൽ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടുള്ള അടിയേറ്റാണ് മിക്ക കുട്ടികൾക്കും പരിക്ക്.
തലക്ക് പരിക്കേറ്റ തബാബ് (22) ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും എസ്.എഫ്.ഐ വിദ്യാർഥികളായ അനഘ്, അഭിരാം, അഥർവ്, ആകാശ്, ആദർശ്, അർജുൻ എന്നിവർ സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. കോളജിനകത്തുണ്ടായ പ്രശ്നത്തിൽ പുറത്തുനിന്നെത്തിയവരും ഇടപെട്ടതോടെയാണ് സംഘർഷം രൂക്ഷമായതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.