തിരുവനന്തപുരം: ലോ കോളജിൽ കെ.എസ്.യു വനിത നേതാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്.
അറസ്റ്റ് വൈകിയാൽ മന്ത്രിമാരെ വഴിയിൽ തടയുന്നതടക്കം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി. എന്നാൽ, പെണ്‍കുട്ടികളെ കവചമാക്കി കെ.എസ്.യുവാണ് ആക്രമണം അഴിച്ചുവിട്ടതെന്നും മന്ത്രി പങ്കെടുത്ത പരിപാടിയിൽ ബോധപൂർവം പ്രശ്നം സൃഷ്ടിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ ആരോപിച്ചു.
കോളജ് യൂനിയൻ ഉദ്ഘാടനം നടന്ന ചൊവ്വാഴ്ചയാണ് രാത്രി എട്ടോടെ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടിയത്. കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബിനെ എസ്.എഫ്.ഐ പ്രവർത്തകർ നിലത്തിട്ട് വലിച്ചിഴക്കുകയും മർദിക്കുകയുമായിരുന്നു.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങളാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. വർഷങ്ങള്‍ക്കുശേഷം കോളജ് യൂനിയൻ വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് കെ.എസ്.യുവിന്റെ മേഘ സുരേഷ് ജയിച്ചശേഷം സംഘർഷം നിലനിൽക്കുകയായിരുന്നു. അതിന്റെ തുടർച്ചയായിരുന്നു സംഘർഷം.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളജിൽനിന്ന് സസ്‌പെന്‍ഡ് ചെയ്തു. അനന്തകൃഷ്ണന്‍, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച യൂനിയന്‍ ഉദ്ഘാടന ശേഷമാണ് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജില്‍ ഏറ്റുമുട്ടിയത്. കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റായ പെൺകുട്ടിയെ ഉൾപ്പെടെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു.
സംഭവത്തിൽ മ്യൂസിയം, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിൽ ഇരുവിഭാഗത്തിൽനിന്നുമായി അമ്പതിലധികം വിദ്യാർഥികളെ പ്രതി ചേർത്തിട്ടുണ്ട്.
എന്നാല്‍, പ്രതികളായ എസ്.എഫ്.ഐക്കാര്‍ മറ്റൊരു സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കടന്നതായി കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാൻ കമീഷനെ വെക്കുമെന്നും പ്രാഥമിക റിപ്പോര്‍ട്ടിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോളജ് അധികൃര്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ, പൊലീസ് ഏകപക്ഷീമായി പെരുമാറുകയാണെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മര്‍ദനമേറ്റ വിദ്യാഥികളുടെ പേരിലടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.