ജിയോ ബേബിയുടെ പരിപാടി റദ്ദാക്കിയ സംഭവം; ഫാറൂഖ് കോളജിൽ ഇന്ന് എസ്.എഫ്.ഐ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: ഫാറൂഖ് കോളജിൽ സംവിധായകൻ ജിയോ ബേബി പങ്കെടുക്കുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ എസ്.എഫ്.ഐ ഇന്ന് കോളജിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജിയോ ബേബിയെ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന്‌ ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കി മടക്കി അയച്ച സംഭവം പ്രതിഷേധാർഹമെന്ന് എസ്.എഫ്.ഐ പറഞ്ഞു.

ഫാറൂഖ് കോളജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരായ പരാമർശം നടത്തിയ വ്യക്തിയാണ് ജിയോ ബേബി എന്നാണ് യൂണിയൻ വിശദീകരിക്കുന്നത്. അങ്ങനെ ഫാറൂഖ് കോളേജിൽ ഒരു ധാർമിക മൂല്യമുണ്ടോയെന്നും ജിയോ ബേബി എന്ന വ്യക്തിയാണോ അദ്ദേഹം സംവിധാനം ചെയ്‌ത സിനിമയുടെ രാഷ്‌ട്രീയമാണോ പ്രശ്‌നമെന്നും ബന്ധപ്പെട്ടവർ പറയണം. എല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളാൻ പ്രാപ്തമായ കേരളത്തിലെ ക്യാമ്പസുകളിൽ വേർതിരിവുകളുടെ സ്വരം ഉയരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംഭവത്തിൽ ഫിലിം ക്ലബ്ബിന്റെയും മാനേജ്മെന്റിന്റെയും യൂണിയന്റെയും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ പറഞ്ഞു.

എസ്.എഫ്.ഐ നേതൃത്വം നൽകുന്ന വടകര മടപ്പള്ളി കോളജ് യൂണിയന്‍റെ 'മാച്ചിനാരി ഫെസ്റ്റിൽ' ഡിസംബർ എട്ടിന് സംവിധായകൻ ജിയോ ബേബി പങ്കെടുക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അറിയിച്ചു. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണ് കേരളത്തിലെ കലാലയങ്ങളുടെ 'കാതൽ'. അതിനപവാദമാകുന്ന നീക്കങ്ങൾ എതിർക്കപ്പെടേണ്ടതും ആവർത്തിക്കപ്പെടാൻ പാടില്ലാത്തതുമാണെന്ന് ആർഷോ പറഞ്ഞു. 

ഫാറൂഖ് കോളജിലെ പരിപാടിയ്ക്ക് തന്നെ അതിഥിയായി വിളിച്ചിരുന്നെന്നും എന്നാൽ മുൻകൂട്ടി അറിയിക്കാതെ ക്യാൻസൽ ചെയ്​തെന്നുമാണ്​ ജിയോ ബേബിയുടെ ആക്ഷേപം. പരിപാടി ക്യാൻസൽ ചെയ്യാൻ കാരണം തന്‍റെ ധാർമിക മൂല്യങ്ങളാണെന്ന മറുപടിയാണ്​ കോളജ്​ യൂനിയൻ നൽകിയതെന്നും ജിയോ ബേബി പറയുന്നു.

സോഷ്യൽമീഡിയിൽ പങ്കുവച്ച വിഡിയോയിലാണ്​ സംവിധായകൻ തന്‍റെ അനുഭവങ്ങൾ പങ്കുവച്ചത്​. പരിപാടിയുടെ ദിവസം കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി ക്യാൻസൽ ആയ വിവരം അറിയിച്ചതെന്നും എന്താണ് പരിപാടി ക്യാൻസൽ ചെയ്യാൻ കാരണമെന്ന് അന്വേഷിച്ചപ്പോൾ, തന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരായതിനാലാണ് ഈ തീരുമാനമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ജിയോ ബേബി പറയുന്നു.

Tags:    
News Summary - SFI protest meet in farook college over Jeo Baby issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.