നിഖില്‍ തോമസി​െൻറ സര്‍ട്ടിഫിക്കറ്റ്; എസ്.​എഫ്.​ഐയുടെ `ബോധ്യങ്ങൾ' പൊളിഞ്ഞു; സർവത്ര മറിമായമെന്ന് അധികൃതർ

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവി​െൻറ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ ഇ​ടപെട്ട് നേതൃത്വം വെട്ടിലായി. നിഖില്‍ തോമസിന്റെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ, സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. നിഖിൽ തോമസിന്റെ എം.കോം പ്രവേശനം സംബന്ധിച്ച് എം.എസ്.എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് വെെസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. സംഭവത്തിൽ കോളജിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തീരുമാനമായി. നോട്ടീസിൽ കോളജ് പ്രിൻസിപൽ സർവ്വകലാശാലയിലെത്തി മറുപടി നൽകണം. ആ കോളജിൽ ബി കോം തോറ്റ വിദ്യാർഥി എം കോമിന് ചേരാൻ ബികോം ജയിച്ചെന്ന സർട്ടിഫിക്കറ്റ് കാണിക്കുമ്പോൾ എന്തുകൊണ്ട് പരിശോധിച്ചില്ലെന്നും വി.സി ചോദിക്കുന്നു.

നിഖില്‍ തോമസ് സമര്‍പ്പിച്ച ബി.കോം സര്‍ട്ടിഫിക്കറ്റിന് കേരള സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങളാണ് നേരത്തെ പറഞ്ഞതെന്നും അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്നും പി.എം. ആർഷോ ആവർത്തിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന ആരോപണം ഉയര്‍ന്നുവന്നഘട്ടത്തില്‍ തന്നെ ഇതുസംബന്ധിച്ച് പരിശോധിക്കുമെന്നാണ് പറഞ്ഞത്. ഞങ്ങള്‍ പരിശോധിച്ച കാര്യങ്ങളാണ് മാധ്യമങ്ങളെ അറിയിച്ചത്. അല്ലാതെ, കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പോയി പരിശോധിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് സാധ്യമാകുന്നത് ആ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് പരിശോധിക്കുക മാത്രമാണ്. ആ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് യൂണിവേഴ്‌സിറ്റി നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വസ്തുതയാണോ എന്ന് വിലയിരുത്തി. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചത് ഒറിജിനലാണെന്നും അത് അടിസ്ഥാനമാക്കി എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമാണ്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.

പുതിയ സാഹചര്യത്തിൽ നിഖിൽ തോമസ് കലിംഗ സർവ്വകലാശാലയുടേതെന്ന് പറഞ്ഞ് സമർപ്പിച്ച ബികോം സർട്ടിഫിക്കറ്റ് വീണ്ടും പരിശോധിക്കുമെന്നും പി.എം. ആർഷോ പറഞ്ഞു. കേരള സർവകലാശാല നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വ്യാജമല്ല. അതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്ന് പറഞ്ഞത്. അറ്റൻഡൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളെകുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേരളത്തിന് പുറത്ത് പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുകയും അറ്റൻഡൻസ് നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. അഡ്മിഷൻ ഏജന്റുകളായി പല മാഫിയകളും പ്രവർത്തിക്കുന്നുണ്ട്. നിഖിൽ ഇത്തരം മാഫിയകളിൽ അകപ്പെട്ടോ എന്ന് അന്വേഷിക്കും. വിഷയം ഉയർന്നു വന്നപ്പോൾ തന്നെ നിഖിലിനെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. എസ്.എഫ്.ഐ നിഖിലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ആർഷോ പറഞ്ഞു.

കലിം​ഗ സർവകലാശാലയെ വിദേശത്ത് പലയിടത്തും നിരോധിച്ചിട്ടുണ്ട്. ഇത്തരം സർവകലാശാലകളിലേക്ക് വിദ്യാർഥികൾ എങ്ങനെ എത്തിപ്പെടുന്നുവെന്ന് അന്വേഷിക്കണം. ഹാജർ ഇല്ലാതെ സർട്ടിഫിക്കറ്റ് നൽകുന്ന പല സർവകലാശാലകളുമുണ്ട്. അത് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.

ഇതിനിടെ, വ്യാജ സർട്ടിഫിക്കറ്റ് വിഷയം സർക്കാറിനെതിരായ പ്രക്ഷോഭമാക്കി മാറ്റാനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ. കെ.എസ്.യു ചൊവ്വാഴ്ച ​കേരളത്തിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗം എസ്.എഫ്.ഐ തകർത്തു​വെന്നാണ് കെ.എസ്.യു ആരോപണം. 

Tags:    
News Summary - SFI said nikhil thomas was not given a clean chit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.