കണ്ണൂര്‍: കണ്ണൂര്‍ സർവകലാശാല വിദ്യാർഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ 22ാമത് തവണയും ആധിപത്യം കൈവിടാതെ എസ്.എഫ്.ഐ. തെരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്. കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തെയാണ് എസ്.എഫ്.ഐ പരാജയപ്പെടുത്തിയത്. 123 കൗണ്‍സിലര്‍മാരില്‍ 110 കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തപ്പോള്‍ 84 ഓളം വോട്ടു നേടിയിട്ടാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്. ചെയര്‍മാനായി എസ്.എഫ്.ഐ കണ്ണൂർ ജില്ല വൈസ് പ്രസിഡൻറും പാലയാട് കാമ്പസിലെ രണ്ടാം വർഷ എൽഎൽ.എം വിദ്യാർഥിയുമായ അഡ്വ. എം.കെ. ഹസൻ, ജനറല്‍ സെക്രട്ടറിയായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും കാസർകോട് ഗവ. കോളജിലെ ഒന്നാം വർഷ എം.എ ഇക്കണോമിക്സ് വിദ്യാർഥിനിയുമായ കെ.വി. ശിൽപ, വൈസ് ചെയര്‍മാനായി ശ്രീകണ്ഠപുരം ഏരിയ സെക്രേട്ടറിയറ്റ് അംഗവും ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് മൂന്നാം വർഷ ബി.എസ്സി കെമിസ്ട്രി വിദ്യാർഥിയുമായ പി. ജിഷ്ണു, വൈസ് ചെയര്പേഴ്സൻ (ലേഡി) ആയി കണ്ണൂർ ജില്ല കമ്മറ്റി അംഗവും കാഞ്ഞിരങ്ങാട് കോളജ് രണ്ടാം വർഷ എം.എസ്സി ഫിസിക്സ് വിദ്യാർഥിനിയുമായ ഷിംന സുരേഷ്, ജോയൻറ് സെക്രട്ടറിയായി കാസർകോട് ജില്ല സെക്രേട്ടറിയറ്റ് മെംബറും ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ് നീലേശ്വരം എം.ബി.എ വിദ്യാർഥിയുമായ വി. സച്ചിൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാസർകോട് ജില്ല എക്സിക്യുട്ടീവ് സ്ഥാനത്തേക്ക് കാസർകോട് ജില്ല കമ്മിറ്റി അംഗവും മുന്നാട് പീപ്ൾസ് കോളജ് മൂന്നാം വർഷ ബി.എസ്.ഡബ്ല്യു വിദ്യാർഥിനിയുമായ ബി.കെ. ഷൈജിന, കണ്ണൂര്‍ ജില്ല എക്സിക്യുട്ടീവിലേക്ക് ഇരിട്ടി ഏരിയ വൈസ് പ്രസിഡൻറും ഇരിട്ടി ഐ.എച്ച്.ആർ.ഡി കോളജിലെ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയുമായ കെ. അപർണ എന്നിവരാണ് വിജയിച്ചത്.
വയനാട് ജില്ല എക്സിക്യൂട്ടിവ് സ്ഥാനത്തേക്ക് എസ്.എഫ്.ഐ സ്ഥാനാർഥി മാനന്തവാടി മേരി മാതാ കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർഥി അജയ് ജോയ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണൂര്‍ സർവകലാശാല ആരംഭിച്ചതു മുതല്‍ എസ്.എഫ്.ഐ ആണ് സർവകലാശാല യൂനിയന്‍ അധികാരം നേടുന്നത്. വിജയികളെ ആനയിച്ച് കണ്ണൂര്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി.
തുടർന്ന് നടന്ന പൊതുയോഗം സംസ്ഥാന പ്രസിഡൻറ് വിനീഷ് ഉദ്ഘാടനം ചെയ്തു. ഷിബിന്‍ കാനായി, സി.പി. ഷിജു, കെ. അഭിരാം, മുഹമ്മദ് ഫാസിൽ, കെ. അനുശ്രീ എന്നിവര്‍ സംസാരിച്ചു. ആൽബിൻ മാത്യു അധ്യക്ഷത വഹിച്ചു. എ.പി. അൻവീർ സ്വാഗതവും എം.കെ. ഹസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.