കാസർകോട്: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കാസർകോട് കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നൽകിയത് വിവാദമായി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അനുമതിയില്ലാതെയാണ് സ്കൂൾ അധികൃതർ അവധി നൽകിയത്. എയ്ഡഡ് സ്കൂൾ മാനേജ്മെൻറിലും അധ്യാപക രക്ഷാകർതൃ സമിതിയിലും ബി.ജെ.പിക്ക് മേധാവിത്വമുള്ള സ്കൂളാണിത്.
മൂന്നുദിവസം മുമ്പ് ബി.ജെ.പി നേതാക്കളാണ് സ്കൂളിന് അവധി നൽകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ പി.ടി.എ കമ്മിറ്റിയും ആവശ്യമുന്നയിച്ചു. അവധി നൽകാൻ ഡി.ഇ.ഒയുടെ അനുമതി വേണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചുവെങ്കിലും അവധി നൽകിയില്ലെങ്കിൽ സ്കൂൾ പ്രവർത്തിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.
തുടർന്ന് ഞായറാഴ്ച ഉപഡയറക്ടറുടെ ഓഫിസിലേക്ക് പ്രാദേശിക അവധി നൽകുകയാണെന്ന് അറിയിച്ച് ഇ-മെയിൽ അയച്ചു. എന്നാൽ, ഇത് ഡി.ഇ.ഒ പരിശോധിച്ചിരുന്നില്ല. അവധിക്ക് അനുമതിയും നൽകിയില്ല. ഇന്നലെ സ്കൂൾ അടഞ്ഞുകിടക്കുന്നത് കണ്ടതോടെ വിഷയം വിവാദമാവുകയും അധികൃതരുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. തുടർന്ന്, ഔദ്യോഗിക നിർദേശമില്ലാതെ സ്കൂളിന് അവധി നൽകിയ സംഭവം അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഇതനുസരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അവധി നൽകിയത് ഭീഷണിയെത്തുടർന്നാണെന്ന് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീഹരി പറഞ്ഞു. ബി.ജെ.പി പ്രാദേശിക നേതാക്കൾ, പി.ടി.എ കമ്മിറ്റി, നാട്ടുകാർ എന്നിവർ അവധി നൽകണമെന്ന് ആവശ്യപ്പെട്ടു. സമീപത്തെ മൂന്ന് ക്ഷേത്രങ്ങളിൽ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷമുണ്ടെന്നും കുട്ടികൾക്ക് അതിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പ്രാദേശിക അവധി നൽകുന്ന കാര്യം ഡി.ഇ.ഒയെ അറിയിക്കുകയായിരുന്നു. അവധി നൽകിയില്ലെങ്കിൽ തുടർന്ന് സ്കൂൾ നടത്തേണ്ടിവരില്ലെന്നായിരുന്നു ഭീഷണി -പ്രധാനാധ്യാപകൻ പറഞ്ഞു.
തിരുവനന്തപുരം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷം. സംഘ്പരിവാർ കേന്ദ്രങ്ങളിലും വിവിധ ക്ഷേത്രങ്ങളിലും ഒത്തുകൂടി ആളുകൾ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷികളായി. പ്രത്യേക പൂജകളും രാമായണ പാരായണവും നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെത്തിയാണ് ചടങ്ങിന്റെ ഭാഗമായത്.
പ്രാണപ്രതിഷ്ഠ അഭിമാനത്തിന്റെ ധന്യമുഹൂര്ത്തമെന്നാണ് ഗവർണർ പറഞ്ഞത്. ഗവർണർക്കൊപ്പം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, അഖില ഭാരതീയ ധർമ ജാഗരൺ സംയോജ് അനിൽ കാന്ത്, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.