കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ഷാഫിക്ക് ശ്രീദേവി എന്ന വ്യാജ ഫേസ്ബുക് അക്കൗണ്ടിന് പുറമേ രണ്ട് വ്യാജ അക്കൗണ്ടുകൾ കൂടിയുള്ളത് പൊലീസ് കണ്ടെത്തി. 'സജ്നമോൾ', 'ശ്രീജ' എന്നീ പേരുകളിലാണ് വ്യാജ അക്കൗണ്ടുകൾ. ഇവയിലെ ചാറ്റുകൾ പൊലീസ് പരിശോധിച്ചു. നരബലി ആസൂത്രണം ചെയ്തതിന്‍റെ വിവരങ്ങൾ ചാറ്റുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
വ്യാജ സിദ്ധനായ ഷാഫി തനിക്ക് അത്ഭുത സിദ്ധികളുണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങിയത്. ഇതുവഴി പരിചയപ്പെടുന്നവരെയാണ് ഇയാൾ വിദഗ്ധമായി സിദ്ധനിലേക്കെത്തിക്കുക.
നരബലിയുടെ ആസൂത്രണം സംബന്ധിച്ചുള്ള വിവരങ്ങൾ വ്യാജ അക്കൗണ്ടിലെ ചാറ്റിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. 2021 നവംബറിലാണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്. ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവൽ സിങ്ങിനെ പരിചയപ്പെട്ടതും അടുപ്പം സ്ഥാപിച്ച് നരബലിക്ക് പദ്ധതിയിടുന്നതും. സമൂഹമാധ്യമ ഉപയോഗത്തിൽ ഷാഫി വിദഗ്ധനാണെന്നും പൊലീസ് പറയുന്നു.
നരബലിക്കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട പത്മയെ ഷാഫി ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം പുനരാവിഷ്‌കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്‌കരിച്ചത്. സെപ്റ്റംബര്‍ 26ന് രാവിലെ 9.15ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുവെച്ചാണ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷന്‍ സ്ട്രീറ്റിലേക്ക് പോയി. സ്‌കോര്‍പിയോ കാറുമായി 9.25ഓടെ തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിനു സമീപം കാത്തുനിന്ന പത്മയെ ഇവിടെ നിന്നാണ് വണ്ടിയിൽ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയത്.
അതിനിടെ, ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുന്‍കാല ചെയ്തികള്‍ സംബന്ധിച്ച് ലൈലയുടെ മൊഴി.
എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഒരു വര്‍ഷം മുമ്പാണ് ഷാഫി ലൈലയോട് പറഞ്ഞത്. ഇലന്തൂരെ വീടിന്റെ തിണ്ണയിലിരുന്ന് നരബലിയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ഇത്. കൊലപ്പെടുത്തിയ ശേഷം മനുഷ്യമാംസം വിറ്റെന്നും നല്ല കാശ് കിട്ടിയെന്നും ഷാഫി പറഞ്ഞിരുന്നു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നാണ് ലൈല പൊലീസിന് നല്‍കിയ മൊഴി.
ദമ്പതികളെ വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കള്ളമാണിതെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഷാഫിയുടെ മറുപടി. അതിനിടെ നരബലിക്ക് മുമ്പ് പ്രതികള്‍ കാളിപൂജ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു. രണ്ടാമത്തെ നരബലി സമയത്താണ് പ്രതികള്‍ കാളിപൂജ നടത്തിയത്. പത്മയെ കൊലപ്പെടുത്തിയ സമയം തലക്ക് പിന്നിലായി കാളിയുടെ ചിത്രംവെച്ച് അതിന് മുന്നില്‍ വിളക്ക് കത്തിച്ചു. നരബലി ഫലിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്ന് ആഭിചാര ഗ്രന്ഥങ്ങളിലുണ്ടെന്നാണ് ഭഗവല്‍ സിങ് ചോദ്യം ചെയ്യലില്‍ മറുപടി നല്‍കിയത്. പ്രതികള്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെന്നും ഏതൊക്കെ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് പരിശോധിച്ച് വരുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.