'മണ്ണാർക്കാട്ടെ തങ്ങളാണ് പി.കെ ശശി'; വൈറലായി ലീഗിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന ഷഹന കല്ലടിയുടെ പ്രസംഗം

മണ്ണാർക്കാട്: മണ്ണാർക്കാട്ടെ തങ്ങളാണ് പി.കെ ശശിയെന്ന് ലീഗിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന ഷഹന കല്ലടി. വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നെത്തിയവർക്ക് സി.പി.എം മണ്ണാർക്കാട് ഏരിയ കമ്മിറ്റി കഴിഞ്ഞ ദിവസം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. മണ്ണാർക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ ശശിയാണെന്നും ഏതു രാഷ്ട്രീയ പാർട്ടിയായാലും കാര്യങ്ങള്‍ക്കായി അദ്ദേഹത്തെയാണ് ആശ്രയിക്കുന്നതെന്നും ഷഹന കല്ലടി പറഞ്ഞു. അപ്പോൾപിന്നെ ഇടനിലക്കാരെന്തിനാണ്, നേരിട്ട് സഖാവിനെ കണ്ടാൽ പോരെയെന്നാണ് ഷഹനയുടെ ചോദ്യം.

പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നഗരസഭാ മുൻ കൗൺസിലറായ ഷഹന കല്ലടി മുസ്‌ലിംലീഗ് സൈബറിടത്തിൽ ശ്രദ്ധിക്കപ്പെട്ട പേരാണ്.

Full View

'എന്നെപ്പോലെ ഒരാൾക്ക് ഒരു കൂടിന് അകത്തു നിന്നു കൊണ്ട് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാകില്ല. അത് ഞാൻ തന്നെയാണ് എന്നെ മനസ്സിലാക്കേണ്ടത് എന്ന് തോന്നി. ആ ബോധത്തോടെയാണ് ഞാൻ ഇവിടെ വന്നത്. അതിൽ എനിക്ക് കുറ്റബോധമില്ല. മണ്ണാർക്കാട് രാഷ്ട്രീയത്തിൽ ഞാൻ കാണുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും, ലീഗായാലും കോൺഗ്രസായാലും മാർക്‌സിസ്റ്റ് പാർട്ടിയായാലും മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന് പികെ ശശിയാണ്. ഇത് ഞാനാ പാർട്ടിയിലിരുന്ന് സംസാരിച്ചതാണ്.

ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാർക്കാട്ടെ ലീഗിൽ എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പി.കെ ശശിയിലാണ്. എല്ലാ കാര്യങ്ങളും ഇവിടെയാണ് തീരുമാനിക്കുന്നത് എന്നറിഞ്ഞപ്പോൾ നേരിട്ടു പോയാൽപ്പോരേ, എന്തിനാണ് അതിന്റെ ഇടയിൽ ഒരാൾ എന്ന് ചിന്തിച്ചു. സഖാവിന്റെ അടുത്ത് നേരിട്ടുവന്ന് കാര്യങ്ങൾ പറഞ്ഞാൽപ്പോരേ? എന്നെപ്പോലെ ഒരാൾക്ക് അതിന് ഇടയിൽ നിൽക്കാൻ ഒരാൾ ആവശ്യമില്ല.' - അവർ പറഞ്ഞു.


Tags:    
News Summary - Shahana Kalladi's speech goes viral, who resigned from the League and joined the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.