കൽപറ്റ: ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റു മരിച്ച ഷഹല ഷെറിൻെറ വീട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സന്ദർ ശിച്ചു. രാവിലെ മന്ത്രി വി.എസ്. സുനിൽ കുമാറിനോടൊപ്പമാണ് രവീന്ദ്രനാഥ് ഷഹലയുടെ വീട്ടിലെത്തിയത്. ഷഹലയുടെ മാതാവുമായും കുടുംബാംഗങ്ങളുമായും മന്ത്രി സംസാരിച്ചു.
ഷഹലക്കുണ്ടായ ദുരന്തത്തിൽ ഉത്തരവാദികളായവർക്കെതി രെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് രവീന്ദ്രനാഥ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ആർ.ഡി.ഡിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തും. ഏതെങ്കിലും സ്കൂളുകളിൽ ശുചിമുറികളിലോ ക്ലാസ് മുറികളിലോ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കിൽ അതെല്ലാം പരിഹരിക്കാനാവശ്യമായ സമഗ്രമായ പാക്കേജ് തയാറാക്കുമെന്നും അതിന് സംസ്ഥാന സർക്കാർ ഫണ്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സർവജന സ്കൂളിന് ഒരു കോടി രൂപ കിഫ്ബിയിൽ അനുവദിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിലാണ് നൽകുന്നത്. ഇത് കൂടാതെ ഉടൻ തന്നെ വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് രണ്ട് കോടി രൂപ കൂടി പ്രഖ്യാപിക്കുകയാണ്. നഗരസഭ ഉടൻ തന്നെ അതിൻെറ എസ്റ്റിമേറ്റ് എടുത്തു തന്നാൽ ഈ വർഷം തന്നെ ആ പണം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ മന്ത്രി രവീന്ദ്രനാഥിനെ എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കൽപറ്റയിൽ വെച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.