10 വർഷത്തിനുള്ളിൽ 300 കോടിയുടെ സമ്പാദ്യം; ഷൈബിൻ അഷ്റഫിന്‍റെ സാമ്പത്തിക ഉറവിടം പരിശോധിക്കും

മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്‍റെ സാമ്പത്തിക സ്രോതസ്സുകളും പരിശോധിക്കും. 10 വർഷത്തിനുള്ളിൽ 300 കോടിയോളം രൂപയുടെ സമ്പാദ്യമുണ്ടാക്കിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലടക്കം ബിനാമി നിക്ഷേപങ്ങളും സംശയിക്കുന്നുണ്ട്.

ഗൾഫിലും നാട്ടിലും വിവിധ ബിസിനസുകളുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഗൾഫിലെ ബിസിനസ് വിവരങ്ങൾ ഒഴിവാക്കി നാട്ടിൽ എന്തെല്ലാമാണ് ചെയ്തിരുന്നത് എന്നാണ് പരിശോധിക്കുന്നത്. വിവിധയിടങ്ങളിൽ വൻതുകയുടെ ഭൂമിയിടപാടുകളടക്കം നടന്നതായാണ് സംശയിക്കുന്നത്. ബിസിനസ് പങ്കാളിയായിരുന്ന കോഴിക്കോട് സ്വദേശി ഹാരിസും മാനേജറായിരുന്ന സ്ത്രീയും ഗൾഫിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിലടക്കം ചോദ്യമുനകൾ നീളുന്നത് ഷൈബിനിലേക്കാണ്.

സിനിമക്കഥകളെ പോലും വെല്ലുന്നതും ആദ്യം മുതൽ അവസാനം വരെ ദുരൂഹത നിറഞ്ഞതുമാണ് ഷൈബിന്‍റെ ജീവിതം. സുൽത്താൻ ബത്തേരിയിൽ ലോറി ക്ലീനറായും ഓട്ടോ ഡ്രൈവറായും പ്രവർത്തിച്ച കാലത്തുതന്നെ ചില അടിപിടി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. 10 വർഷംമുമ്പ് ഗൾഫിലേക്ക് പോയതോടെയാണ് ജീവിതം അടിമുടി മാറിയതും കോടികളുടെ സമ്പാദ്യമുണ്ടാക്കിയതും. ബത്തേരി പുത്തൻകുന്നിൽ കോടികൾ ചെലവഴിച്ച് കൊട്ടാരമാതൃകയിലുള്ള വീടുപണി ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.

ഇടക്കിടെ നാട്ടിൽ വന്നുപോകുന്ന ഇയാൾ ഹോൾസെയിൽ തുണിക്കച്ചവടം, കൃഷി ഉൾപ്പെടെ വിവിധ ബിസിനസുകളിലും പണമിറക്കിയിരുന്നു. മാത്രമല്ല, 10 ആഡംബര വാഹനങ്ങളും സ്വന്തമാക്കി. ഗൾഫിൽ ഹൂതി വിമതർക്കടക്കം ഡീസൽ എത്തിച്ചുനൽകി സമ്പാദിച്ച കോടികളാണ് നാട്ടിൽ വിവിധ ബിസിനസുകളിൽ നിക്ഷേപിച്ചത് എന്നാണ് പൊലീസിന് ലഭ്യമായ വിവരം. ഇതുമായി ബന്ധപ്പെട്ട് അബൂദബിയിൽ ഇയാൾക്ക് വിലക്കുള്ളതായും അറിയുന്നു.

ഷൈബിന്‍റെ പ്രധാന സഹായിയുടെ വീട്ടിൽ പരിശോധന

നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യന്‍റെ കൊലപാതകത്തിലെ മുഖ‍്യ സൂത്രധാരനായ നിലമ്പൂർ സ്വദേശി ഷൈബിൻ അഷ്റഫിന്‍റെ ബന്ധുവീട്ടിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തി. നിലമ്പൂർ ഇയ്യംമട കൈപ്പഞ്ചേരി നൗഷാദിന്‍റെ വീട്ടിലാണ് പരിശോധന നടന്നത്.

ഇയാൾ വിദേശത്താണ്. നൗഷാദിന്‍റെ മകൻ ഫാസിൽ, വൈദ‍്യരുടെ കൊലപാതകത്തിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു ഒരു മണിക്കൂറോളം നീണ്ട പരിശോധന. കൊലപാതകവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ ഫാസിലിന്‍റെ കൈവശമുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു ഇത്.

കുന്ദമംഗലം സ്വദേശി അൻവറിന്‍റെ വീട്ടിൽ സംഘം ചേർന്ന് കവർച്ച നടത്തുന്നതിനിടെ ഫാസിൽ നേരത്തേ പിടിയിലായിരുന്നു. വിദേശത്ത് ദുരൂഹ സാഹചര‍്യത്തിൽ മരിച്ച ഹാരിസുമായി ബന്ധപ്പെട്ട പല രേഖകളും അൻവറിന്‍റെ കൈവശമുണ്ടെന്നറിഞ്ഞ സംഘം ഇത് കൈവശപ്പെടുത്താനാണ് കവർച്ചശ്രമം നടത്തിയത്. ഷൈബിൻ അഷ്റഫിന്‍റെ മുഖ‍്യ സഹായിയും വലംകൈയുമാണ് ഫാസിലെന്ന് പൊലീസ് പറഞ്ഞു.

ഒളിവിൽ പോയ അഞ്ച് പ്രതികളും നിലമ്പൂർ സ്വദേശികൾ

നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യന്‍റെ കൊലപാതകത്തിൽ ഒളിവിൽ പോയ അഞ്ച് പ്രതികളും നിലമ്പൂർ സ്വദേശികൾ. മുഖ‍്യസൂത്രധാരൻ നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്‍റെ സുഹൃത്തുക്കളും ക്വട്ടേഷൻ സംഘത്തിൽപെട്ടവരുമാണിവർ. കൊലപാതകത്തിൽ ഇവരുടെ പങ്കാളിത്തം പൊലീസ് ഉറപ്പിച്ചുകഴിഞ്ഞു. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതിനാൽ ഇവരുടെ ഒളിത്താവളം കണ്ടെത്തുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്. വിദേശത്തും സ്വദേശത്തും കേസുകളുള്ളവരും ഒളിവിൽ കഴിയുന്ന സംഘത്തിലുണ്ട്. കൊലപാതകക്കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണുള്ളത്. ഷൈബിൻ അഷ്റഫ് ഉൾപ്പെടെ നാല് പ്രതികളാണ് അറസ്റ്റിലായത്.

Tags:    
News Summary - Shaibin Ashraf's financial source will be examined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.