പാലക്കാട്: ഷാജ് കിരൺ അടുത്ത സുഹൃത്തായിരുന്നെന്നും ഇദ്ദേഹം ഇടനിലക്കാരനാണെന്നതിന്‍റെ തെളിവ് നാളെ പുറത്ത് വരുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഷാജ് കിരണും താനും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പലരുടെയും കൈയിലുണ്ട്. എവിടെനിന്ന് പൊട്ടുമെന്ന് നാളെ നോക്കാമെന്നും സ്വപ്ന പറഞ്ഞു.
താൻ വിളിച്ചതിനാലാണ് അദ്ദേഹം ഓഫിസിൽ വന്നത്. സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്ന് തലേദിവസം തന്നെ ഷാജ് പറഞ്ഞിരുന്നു. പറഞ്ഞതുപോലെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. അതിനാലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തപ്പോൾ ഷാജിനെ വിളിച്ചത്. വിജിലൻസാണ് കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും അദ്ദേഹമാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാനും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ നികേഷ് കുമാറിനോട് സംസാരിക്കാനും അദ്ദേഹത്തിന് മൊബൈൽ ഫോൺ കൈമാറാനും ഷാജ് ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും പറഞ്ഞു. ഇന്ന് രാവിലെയും ഭീഷണിപ്പെടുത്തി.
ശബ്ദരേഖ പുറത്തുവന്നാല്‍ എല്ലാം വ്യക്തമാകും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയതെന്നും സ്വപ്ന വെളിപ്പെടുത്തി. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായി ഷാജ് കിരണ്‍ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.
ഹൈകോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത് സരിത്തിന് നേരെ ആക്രമണം ഉണ്ടായതിനാലാണ്. അന്വേഷണം തടയാനോ ഗൂഢാലോചനയുള്ളതു കൊണ്ടോ അല്ല, പൊലീസ് ബുദ്ധിമുട്ടിക്കുമെന്ന ഭയത്താലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് ഒരു ആശങ്കയും ഇല്ലെന്നും സ്വപ്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.