ഷാജഹാന്റേത് സി.പി.എമ്മിനകത്ത് നടന്ന കൊലപാതകം; ബി.ജെ.പിയോട് തനിക്ക് പ്രത്യേക സ്നേഹമോ വൈരാഗ്യമോ ഇല്ല -കെ. സുധാകരൻ

പാലക്കാട്: മലമ്പുഴയിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകം സി.പി.എമ്മിനകത്ത് നടന്ന കൊലപാതകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ആരെയും കൊല്ലുന്ന സംഘമായി സി.പി.എം മാറി. സംസ്ഥാന സർക്കാറിന്റെ കൈയിൽ ഉള്ളതിനേക്കാൾ ആയുധം സി.പി.എമ്മിന്റെ കൈയിൽ ഉണ്ട്. സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് അവരുടെ പ്രവർത്തകർ തന്നെയാണ്. അക്രമികൾ പാർട്ടി അംഗങ്ങളാണെന്ന് ദൃക്സാക്ഷി പറയുന്നു. സി.പി.എമ്മിന് എങ്ങനെ കൈയൊഴിയാൻ കഴിയും? അക്രമികൾ പാർട്ടി അംഗങ്ങൾ അല്ലെന്ന് പറയുന്ന നേതാക്കളെ പാർട്ടി അംഗങ്ങൾ തന്നെ തിരുത്തുകയാണ്. രാഷ്ട്രീയത്തിനപ്പുറം മറ്റു ചില പ്രശ്നങ്ങൾ കൂടി കൊലപാതകത്തിന് പിന്നിലുണ്ട്. സി.പി.എം എല്ലാ കാലവും അക്രമത്തിന്റെ വക്താക്കളാണെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന സി.പി.എം വാദം ചൂണ്ടിക്കാട്ടിയപ്പോൾ ബി.ജെ.പിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നുകരുതി എല്ലാം അവരുടെ തലയിൽ കൊണ്ടുപോയി ചാർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയോട് തനിക്ക് പ്രത്യേകിച്ച് സ്നേഹമോ വൈരാഗ്യമോ ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. കൊലയാളികൾക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘവുമായും ബന്ധമുണ്ട്. കഞ്ചാവ് വിൽപന ഷാജഹാൻ ചോദ്യംചെയ്തതാണ് കൊലപാതക കാരണം. കൊല നടത്തിയവർ മറ്റു കേസുകളിലും പ്രതികളാണ്. കൊല നടത്തിയിട്ട് ആർ.എസ്.എസ് വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

Tags:    
News Summary - ShaJahan's murder was a murder within CPM -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.