മലപ്പുറം: കളമശ്ശേരി സ്ഫോടനത്തിനു പിന്നാലെ ക്രിസ്ത്യൻ-മുസ്‌ലിം മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാൽ കർശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പി.വി. അൻവർ എം.എൽ.എ പരാതി നൽകി. എഡിജിപി(ലോ ആൻഡ് ഓർഡർ) എം.ആർ. അജിത് കുമാറിന് പരാതി നൽകിയതായി ഫേസ്ബുക്കിലൂടെയാണ് എം.എൽ.എ അറിയിച്ചത്.
മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച `ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്‌ഫോടനമോ' എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് സഹിതമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. ഷാജൻ സ്‌കറിയയ്ക്കും മറുനാടൻ മലയാളിക്കുമെതിരെ 153 എ, 505, 153 ബി എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും അൻവർ പരാതിയിൽ ആവശ്യപ്പെടുന്നു. മുൻപും എം.എൽ.എ ഷാജൻ സ്‌കറിയക്കെതിരെ നിയമനടപടികളുമായി രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ കേരളത്തിലെ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു വീഡിയോയുടെ ലക്ഷ്യമെന്ന് പി.വി. അൻവർ അഭിപ്രായപ്പെട്ടു. മുസ്‌ലിം -ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക, വെറുപ്പ് പ്രചരിപ്പിക്കുക, സമൂഹത്തിലെ സമാധാനവും സന്തുലിതാവസ്ഥയും തകർക്കുന്ന വിധത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഈ വീഡിയോക്ക് പിറകിലുണ്ടെന്നും പരാതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതായും പറഞ്ഞു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നും ഇതിന് മുമ്പും ഷാജൻ സ്‌കറിയ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.