ആലപ്പുഴ: നീതിന്യായ വ്യവസ്ഥയിൽ നിന്ന് വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന് ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാന്റെ പിതാവ് എച്ച്. സലീം. രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ കിട്ടിയതിന് പിന്നാലെ ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിൽക്കീസ് ബാനു കേസിൽ ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും തെറ്റായ ചെയ്തികളെ എടുത്തു പറഞ്ഞ സുപ്രീംകോടതി വിധി തന്നെപ്പോലെയുള്ള സാധാരണക്കാരന് പ്രതീക്ഷ നൽകുന്നതാണ്. അതുകൊണ്ടു തന്നെ നീതി ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇടതു സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് നീതി കിട്ടുമെന്നാണ് കരുതിയത്.
രൺജിത് വധത്തിന് മണിക്കൂറുകൾ മുമ്പാണ് ഷാൻ കൊല്ലപ്പെട്ടത്. എന്നാൽ, രൺജിത്തിനായി കേന്ദ്ര മന്ത്രിമാരുൾപ്പെടെ ഭരണത്തെയും സാക്ഷികളെയും സ്വാധീനിക്കാൻ കഴിയുന്ന ആളുകളുണ്ട്. തന്റെ കുടുംബം ഇതിനൊപ്പം കഴിവില്ലാത്തവരാണ്. എല്ലാ പൗരനും തുല്യനീതി ലഭിക്കുകയെന്നത് അവകാശമാണ്.
ഷാന്റെ കൊലപാതകികൾ ജാമ്യത്തിലിറങ്ങി വിഹരിക്കുന്നത് ഇരട്ടനീതിയാണ്. നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദത്തിൽ വ്യാഖ്യാനം കണ്ടെത്തിയിട്ട് കാര്യമില്ല. അത് അക്രമിസംഘത്തെ പ്രോത്സാഹിപ്പിക്കാനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.