കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക് ആലപ്പുഴ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ചും മനസ്സിരുത്താതെയുമാണെന്ന് കാട്ടി സർക്കാർ നൽകിയ ഹരജിയിലാണ് രണ്ടുമുതൽ ആറുവരെ പ്രതികളുടെ ജാമ്യം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്. അതേസമയം, ഒന്നാം പ്രതിക്കും ഏഴുമുതൽ പത്ത് വരെ പ്രതികൾക്കും അനുവദിച്ച ജാമ്യത്തിൽ സിംഗിൾ ബെഞ്ച് ഇടപെട്ടില്ല.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ വിഷ്ണു, അഭിമന്യു, സനന്ദ്, അതുൽ, ധനീഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഒന്നാംപ്രതി രാജേന്ദ്ര പ്രസാദ്, ഏഴ് മുതൽ പത്ത് വരെ പ്രതികളായ ശ്രീരാജ്, പ്രണവ്, ശ്രീനാഥ്, മുരുകേശൻ എന്നിവരുടെ ജാമ്യമാണ് ശരിവെച്ചത്. ഇവർ ഗൂഢാലോചനയിൽ മാത്രം പങ്കാളികളാണെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചതിൽ ഇടപെടാതിരുന്നത്.
അതേസമയം, രണ്ട് മുതൽ ആറ് വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളാവുക മാത്രമല്ല, ആയുധങ്ങളുമായി വാഹനത്തിൽ ഷാനിനെ പിന്തുടർന്ന് വെട്ടിവീഴ്ത്തി കൊലപ്പെടുത്തുന്നതിൽ നേരിട്ട് പങ്കുവഹിച്ചവരാണ്. കൊലപാതകംപോലെ ഹീനമായ കുറ്റകൃത്യ കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ പരിഗണിക്കേണ്ട മാനദണ്ഡങ്ങൾ കണക്കിലെടുക്കാതെയും യാന്ത്രികമായുമാണ് ഇവർക്ക് ജാമ്യം അനുവദിച്ചതെന്ന് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
സാക്ഷികളെ പ്രതികൾ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കുമാനുമുള്ള സാധ്യത വിചാരണ കോടതി പരിഗണിച്ചില്ല. കുറ്റകൃത്യത്തിന്‍റെ ഗൗരവം, കുറ്റം തെളിഞ്ഞാൽ കിട്ടാവുന്ന ശിക്ഷ, സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള സാധ്യത, ജാമ്യത്തിൽ വിട്ടാൽ ഒളിവിൽ പോകാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കേണ്ടിയിരുന്നു. മാത്രമല്ല, ഗൗരവമുള്ള കേസിൽ ജാമ്യം അനുവദിക്കുന്നതിന് കാരണവും രേഖപ്പെടുത്തണം. ഈ നടപടി വിചാരണ കോടതിയിൽനിന്നുണ്ടായിട്ടില്ല. ദീർഘകാലം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നെന്നത് ജാമ്യം അനുവദിക്കാൻ കാരണമല്ലെന്ന് സുപ്രീംകോടതി നിരീക്ഷണമുണ്ട്. മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതും ജാമ്യം അനുവദിക്കാൻ മതിയായ കാരണമല്ല.
ഒരുവർഷം കഴിഞ്ഞാണ് ജാമ്യം റദ്ദാക്കാൻ ഹരജി നൽകിയതെന്നും മതിയായ കാരണങ്ങളില്ലാതെ ഇത് അനുവദിക്കാനാവില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ, ഭാഗികമായിപ്പോലും നിയമവിരുദ്ധമായോ നീതീകരണമില്ലാതെയോ നൽകിയ ജാമ്യം റദ്ദാക്കാമെന്ന് കോടതി വിധികളുള്ളതായി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജാമ്യം റദ്ദാക്കിയെങ്കിലും പ്രതികൾക്ക് വീണ്ടും ജാമ്യഹരജി നൽകാമെന്നും നിയമപരമായി വിചാരണക്കോടതി ഇത് പരിഗണിച്ച് തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
2021 ഡിസംബർ 18ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, ഷാൻ വധക്കേസിന്റെ പ്രതികാരമായി ബി.ജെ.പി നേതാവ് രൺജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ട വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഷാൻ വധത്തിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.