കൊച്ചി: കൊച്ചി കപ്പൽശാലയുടെ 25 ശതമാനം ഒാഹരി വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പൊതുമേഖലയിൽ മികച്ച പ്രവർത്തന പാരമ്പര്യവും സാമ്പത്തിക കെട്ടുറപ്പുമുള്ള സ്ഥാപനത്തിെൻറ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. കപ്പൽശാലയെ സ്വകാര്യവത്കരിച്ച് കോർപറേറ്റുകളെ സഹായിക്കാനുള്ള നീക്കത്തിെൻറ തുടക്കമാണിതെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനെതിരെ തൊഴിലാളികളുടെ സംയുക്ത സമിതി പ്രതിഷേധവുമായി രംഗത്തുണ്ട്. കൊച്ചിൻ ഷിപ്യാർഡിെൻറ 3.4 കോടിയോളം ഒാഹരി വിൽക്കാനുള്ള തീരുമാനം ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരാണ് കഴിഞ്ഞദിവസം മുംബൈയിൽ പ്രഖ്യാപിച്ചത്.
1468 കോടി രൂപ സമാഹരിക്കുകയാണ് പ്രാഥമിക ഒാഹരി വിൽപന (െഎ.പി.ഒ) യുടെ ലക്ഷ്യം. 10 രൂപ മുഖവിലയുള്ള 3,39,84,000 ഒാഹരികൾ 424--432 രൂപക്കാകും വിൽക്കുക. ഇവയിൽ 2,26,56,000 എണ്ണം പുതിയ ഒാഹരികളാണ്. ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെയാണ് ഒാഹരി വിൽപന. കപ്പൽശാലയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് മൂലധനസമാഹരണം. അന്താരാഷ്ട്ര നിലവാരമുള്ള കപ്പൽശാല, വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും എൽ.എൻ.ജി കണ്ടെയ്നറുകളുടെ നിർമാണത്തിനുമുള്ള പുതിയ ഡ്രൈഡോക്കുകൾ എന്നിവയാണ് പ്രധാന വികസന പദ്ധതികൾ.
എന്നാൽ, 1500 കോടിയോളം രൂപ നീക്കിയിരിപ്പും 332 കോടി ലാഭവുമുള്ള കപ്പൽശാല വികസനത്തിന് പണം കണ്ടെത്താൻ ഒാഹരി വിൽക്കേണ്ട കാര്യമില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഒാഹരി വിൽപനക്കെതിരെ തൊഴിലാളി പ്രതിനിധികൾ കേന്ദ്രത്തെ സമീപിച്ചെങ്കിലും ശേഷിക്കുന്ന ഒാഹരികൾപോലും വിൽക്കില്ലെന്ന ഉറപ്പ് നൽകാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. ഇതാണ് കപ്പൽശാലയുടെ പൂർണമായ സ്വകാര്യവത്കരണമാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ ആത്യന്തിക ലക്ഷ്യമെന്ന് തൊഴിലാളികൾ സംശയിക്കാൻ കാരണം.
ഒാഹരി വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ 10 ശതമാനം കേന്ദ്രത്തിന് നൽകേണ്ടതിനാൽ ഉദ്ദേശിക്കുന്ന വികസന പദ്ധതികൾ പൂർത്തിയാക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ എതിർപ്പോ ഒാഹരി വിൽപനക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയമോ കണക്കിലെടുക്കാതെയാണ് കേന്ദ്രത്തിെൻറ പുതിയ നീക്കം. കപ്പൽനിർമാണരംഗത്ത് നിലയുറപ്പിക്കാൻ ശ്രമിക്കുന്ന എൽ ആൻഡ് ടി, റിലയൻസ് എന്നിവയുടെ താൽപര്യസംരക്ഷണമാണ് ഒാഹരി വിൽപനക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.