തിരുവനന്തപുരം പാറശ്ശാലയിൽ ഷാരോണിന്‍റെ കൊലക്ക് ഉപയോഗിച്ചെന്ന് സംശയിക്കുന്ന വിഷത്തിന്‍റെ കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് രാമവർമൻചിറയിലെ വീടിന് സമീപത്തെ കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തത്.
നിർമൽ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചു കൊടുത്തത്. വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. കീടനാശിനി കളയാൻ ഉപയോഗിച്ച നിർമൽകുമാറിന്‍റെ സ്കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്ത് പാറശ്ശാല സ്റ്റേഷനിലേക്ക് മാറ്റി.
വീടിനകത്ത് പരിശോധന നടത്തിയില്ല. വീട് പൊലീസ് സീൽ ചെയ്തു. തെളിവെടുപ്പിനു ശേഷം പ്രതികളെ പാറശ്ശാല സ്‌റ്റേഷനിലെത്തിച്ചു. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ തമിഴ്നാട് പൊലീസിന്‍റെ കൂടി സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. തുടർനടപടികളുടെ കാര്യത്തിലും കേരള പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
തെളിവുകൾ നശിപ്പിച്ചതിന് കഴിഞ്ഞദിവസം പ്രതിചേർത്ത സിന്ധുവിന്‍റെയും നിർമൽ കുമാറിന്‍റെയും അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ശേഷമായിരുന്നു തെളിവെടുപ്പ്. ഷാരോണിനു നൽകിയ കഷായത്തിൽ കളനാശിനി കലർത്താൻ മാതാവ് സിന്ധുവാണ് ഗ്രീഷ്മയെ സഹായിച്ചതെന്ന സംശയവും പൊലീസിനുണ്ട്.
മാതാവിനൊഴികെ ആർക്കും വിഷം നൽകിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യമൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിലെ പങ്കാളിത്തം വ്യക്തമായത്.
ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് മാതാവും അമ്മാവനും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഇരുവരും വീട്ടിൽനിന്ന് അധികം ദൂരേക്ക് പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഗൂഢാലോചനയിൽ ഇവര്‍ക്ക് പങ്കില്ലെന്നും താൻ ഒറ്റക്കാണ് കൃത്യം നടത്തിയതെന്നുമാണ് ഗ്രീഷ്മ പറയുന്നത്.
അതിനിടെ ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗ്രീഷ്മയെ ബുധനാഴ്ച പൊലീസ് സെല്ലിലേക്ക് മാറ്റുമെന്ന് അന്വേഷണസംഘം പറഞ്ഞു. ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.