കോഴിക്കോട്: ശശി തരൂരിന്റെ മലബാർയാത്രയെ ചൊല്ലി കോൺഗ്രസിനകത്ത് പോര് തുടരുന്നതിനിടെ തരൂർ ചൊവ്വാഴ്ച പാണക്കാട്ടേക്ക് പോകും. മൂന്നു ദിവസമായി തുടരുന്ന പര്യടനം ചൊവ്വാഴ്ച മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽനിന്നാണ് ആരംഭിക്കുക. മലപ്പുറം ഡി.സി.സി ഓഫിസിലും അദ്ദേഹം പോവും. പെരിന്തൽമണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവിൽ സർവിസ് അക്കാദമിയിൽ വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ സന്ദർശിക്കും. ബുധനാഴ്ച കണ്ണൂരിലാണ് പരിപാടികൾ. എത്തുന്നിടത്തെല്ലാം വലിയ ജനപിന്തുണയാണ് തരൂരിന് ലഭിക്കുന്നത്. ഇതുസംബന്ധിച്ച് അദ്ദേഹം ഞായറാഴ്ച ട്വീറ്റ് ചെയ്തു. ജനകീയ അടിത്തറ ശക്തമാക്കുംവിധമാണ് തരൂരിന്റെ നീക്കങ്ങൾ. എല്ലാ മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളും സാംസ്കാരിക നേതാക്കളുടെ വസതികളും സന്ദർശിക്കുന്നുണ്ട്. ഇത്രയൊക്കെയായിട്ടും കോഴിക്കോട് ഡി.സി.സിയിൽ അദ്ദേഹം എത്തിയിട്ടില്ല.
ആലപ്പുഴ: ശശി തരൂരിന്‍റെ പരിപാടി സംഘടിപ്പിക്കുന്നതിൽനിന്ന് യൂത്ത് കോൺഗ്രസിനെ ആരാണ് വിലക്കിയത് എന്നതിൽ വിശദീകരണം വേണമെങ്കിൽ കെ.പി.സി.സി അധ്യക്ഷൻ പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അധ്യക്ഷൻ പറയുന്നതാണ് പാർട്ടിയുടെ അവസാനവാക്ക്. അത് എല്ലാവരും ആലോചിച്ച് എടുത്ത തീരുമാനമാണ്. ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് ചോദിച്ചാലും എന്‍റെ കൈയിൽനിന്ന് ആഗ്രഹിക്കുന്ന ഉത്തരം കിട്ടില്ല. എന്നിട്ട് കെ. മുരളീധരനെതിരെ വി.ഡി. സതീശൻ, വി.ഡി. സതീശനെതിരെ സുധാകരൻ എന്ന് അടിക്കുറിപ്പ് എഴുതാനാണ്. സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് കേരളത്തിലെ സർവകലാശാലകളിൽ പിൻവാതിൽ നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രി നിയമനം നടത്തിയത്. -സതീശൻ കൂട്ടിച്ചേർത്തു.
കോഴിക്കോട്: ശശി തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് ആരാണെന്നറിയാമെന്ന് കെ. മുരളീധരൻ എം.പി. ഇതിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചവരാകാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആഭ്യന്തരകാര്യമായതിനാൽ പുറത്തുപറയാൻ കഴിയില്ല. സംസ്ഥാന നേതൃത്വത്തിലെത്തന്നെ ചിലർക്ക് ഇതിൽ പങ്കുണ്ട്. എന്നാൽ പേര് വെളിപ്പെടുത്തില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഇക്കാര്യത്തിൽ നിരപരാധിയാണ്. കെ.പി.സി.സി അധ്യക്ഷന്റെ നിലപാടാണ് ഇതിലെല്ലാം അന്തിമം. സംഭവത്തിൽ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
മലപ്പുറം: കോൺഗ്രസിൽ അനൈക്യമുണ്ടെന്ന് കരുതുന്നില്ലെന്നും പാർട്ടിയിലെ അഭിപ്രായങ്ങൾ അഭിപ്രായവ്യത്യാസങ്ങളായി കാണേണ്ടതില്ലെന്നും പ്രതിപക്ഷ ഉപനേതാവും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മീഡിയവൺ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാപരമായ പ്രശ്നങ്ങൾ കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള കെൽപ്പ് കോൺഗ്രസിനുണ്ട്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അഭിപ്രായങ്ങളെല്ലാം പരസ്യമായി ചർച്ച ചെയ്യാറുണ്ട്. അത് ആ പാർട്ടിയുടെ ജനാധിപത്യരീതിയാണ്. കോൺഗ്രസിന്‍റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്ലിം ലീഗ് അഭിപ്രായം പറയുന്നത് ശരിയല്ല. കെ. സുധാകരന്‍റെ പ്രസ്താവനയും പുതിയ വിഷയങ്ങളും തമ്മിൽ ബന്ധമില്ല. മതേതര കൂട്ടായ്മ എന്ന ആശയം കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏറ്റെടുക്കേണ്ട കാലഘട്ടത്തിലാണ് നാമുള്ളത്. അതിനാൽ ഇത്തരം പാർട്ടികൾ തമ്മിലുള്ള ഐക്യത്തിനാണ് ലീഗ് മുൻഗണന നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ന്യൂമാഹി: ഇന്ത്യയിലേക്ക് മടങ്ങിയതും കേരളത്തിലേക്ക് വന്നതുമാണ് ശശി തരൂർ ചെയ്ത തെറ്റെന്ന് കഥാകാരൻ ടി. പത്മനാഭൻ. തന്റെ പ്രതിമ അനാഛാദന ചടങ്ങിൽ തരൂരിനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യവാനായി ഇത്രയും കൊല്ലം ജീവിച്ചതുതന്നെ ഒരത്ഭുതമാണെന്ന് കോൺഗ്രസ് പാർട്ടിയിലെ വിമത പ്രവർത്തനത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. താൻ മലയാളിയാണെന്ന ധിക്കാരമുള്ള വലിയ മനുഷ്യൻ മുമ്പുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹത്തിന് ട്രാജഡിയാണ് സംഭവിച്ചത്. അദ്ദേഹത്തിന്റെ പേര് വി.കെ. കൃഷ്ണമേനോൻ എന്നായിരുന്നു. തരൂരിന് അത് സംഭവിക്കാതിരിക്കട്ടെ. നെഹ്റുവിന്റെ ഹിമാലയ സദൃശമായ ടവറിങ് ഫിഗറിന്റെ തണലിലായിരുന്നതുകൊണ്ട് നമ്മൾ വാമനന്മാർക്ക് മേനോനെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെയൊരു ടവർ നിങ്ങൾക്കുണ്ടോയെന്നറിയില്ല. കൂടെയുള്ളവർക്ക് നെഹ്റുവിനെപ്പോലെ സംരക്ഷണം കൊടുക്കാൻ കഴിയുമോ. ധീരമായി മുന്നോട്ടു പോകണം വിജയം സുനിശ്ചിതമാണ്. പൗരത്വ നിയമം കൊണ്ടുവന്നിട്ടൊന്നും അതു മാറ്റാൻ കഴിയില്ല. ഈ നാട്ടിലെ ജനങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാവുമെന്നും അദ്ദേഹം തരൂരിനോടു പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.