പര്യടനത്തിന്​ ഇറങ്ങാൻ പ്രതിപക്ഷ നേതാവ്​ മൂന്നുതവണ ആവശ്യപ്പെട്ടു -ശശി തരൂർ

അടൂർ: കോൺഗ്രസിന്‍റെ വളർച്ചക്കായി പര്യടനത്തിന്​ ഇറങ്ങാൻ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ തന്നോട്​ ആവശ്യപ്പെട്ടെന്ന് ശശി തരൂർ എം.പി. അദ്ദേഹം മൂന്ന്​ പ്രാവശ്യം ഈ വിഷയം തന്നോട്​ ഉന്നയിച്ചതായും അടൂരിൽ പൊതുപരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ തരൂർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

എല്ലാ ജില്ലയിലും ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ചാണ്​ പോകുന്നത്​. സന്ദർശനം അറിയിച്ചിട്ടില്ലെന്ന കോട്ടയം ജില്ല കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെ പ്രസ്താവനയെ അദ്ദേഹം തള്ളി. അറിയിച്ചതിന്‍റെ ഫോൺ രേഖകളും തീയതി അടക്കം തന്‍റെ കൈവശമുണ്ട്​. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പരാതി നൽകിയാൽ അതിന്​ മറുപടി നൽകും.

തന്‍റെ സന്ദർ​ശനങ്ങൾ വിവാദമാക്കാൻ ശ്രമിക്കുന്നവരോട്​ വിവാദത്തിന്‍റെ കാര്യം ചോദിക്കണം. താൻ കോൺഗ്രസിൽ ഒരു ഗ്രൂപ്പും ഉണ്ടാക്കിയിട്ടില്ല, ഒരു ഗ്രൂപ്പും ഉണ്ടാക്കാൻ പോകുന്നുമില്ല. മറിച്ചുള്ള ആരോപണങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലാകുന്നില്ല. മുസ്​ലിം ലീഗിന്‍റെ നേതൃയോഗം കോൺഗ്രസിലെ വിഭാഗീയതയിൽ എതിർപ്പ് അറിയിച്ചതിനെപ്പറ്റിയ ചോദ്യത്തിന് മറുപടിയായി താനും വിഭാഗീയതയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്ന് തരൂർ പറഞ്ഞു. കോൺഗ്രസിൽ ഇനി എ ഗ്രൂപ്പും ഐ ഗ്രൂപ്പുമല്ല, യുനൈറ്റഡ് കോൺഗ്രസാണ് ആവശ്യം എന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പബ്ലിക്​ പോളിസി വിഭാഗം അധ്യക്ഷൻ ജെ.എസ്​. അടൂർ അധ്യക്ഷനായ ബോധി ഗ്രാം അടൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പ​​ങ്കെടുക്കാനാണ്​ തരൂർ പത്തനംതിട്ടയിൽ എത്തിയത്​. പരിപാടിയിൽനിന്ന്​ പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ്​ കൊച്ചുപറമ്പിൽ വിട്ടുനി​ന്നു.

എന്നാൽ, ആന്‍റോ ആന്‍റണി എം.പി, മുൻ എം.എൽ.എ ശബരീനാഥ്​, ഡി.സി.സി മുൻ അധ്യക്ഷൻ പി. മോഹൻരാജ്​ ഉൾപ്പെടെ മിക്ക എ​ ​ഗ്രൂപ്​ നേതാക്കളും എത്തിയിരുന്നു. ഇതിന് മുമ്പ്​ അദ്ദേഹം പന്തളം ക്ഷേ​ത്ര ദർശനം നടത്തി. തിരുവാഭരണ ദർശനം നടത്തി പന്തളം ​കൊട്ടാരം നിർവാഹകസമിതി ഭാരവാഹികളുമായി ചർച്ച നടത്തി. തന്നെ സ്വീകരിക്കാൻ ഡി.സി.സി പ്രസിഡന്‍റ്​ എത്താത്തത്​ പന്തളത്ത്​ അദ്ദേഹം പരാമർശിച്ചു.

Tags:    
News Summary - Shashi Tharoor asked the leader of the opposition three times to go on a tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.