തിരുവനന്തപുരത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരം: മഹല്ലുകളുടെ ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂർ എം.പിയെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്‍ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നാണ് ശശി തരൂരിനെ ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് മുസ്‍ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ച് വിവാദമായിരുന്നു. ആ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു തരൂർ. പിന്നാലെയാണ് പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്.

ഒക്ടോബര്‍ 30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകുന്നേരം നാലു മണിക്ക് നടക്കുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത് ശശി തരൂരായിരുന്നു. ഫലസ്തീൻ ചെറുത്ത് നിൽപ് സംഘടനയായ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച തരൂരിനെ പിന്നീട് പ്രസംഗിച്ച എം.കെ. മുനീർ അടക്കമുള്ള നേതാക്കൾ തിരുത്തിയിരുന്നു. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നായിരുന്നു മുനീറിന്റെ മറുപടി.

ഫലസ്തീന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. തരൂരിന്റെ പരാമർശം വിവാദമായതോടെ സുന്നി നേതാക്കളടക്കം തരൂരിനെ വിമർശിച്ച് രംഗത്തെത്തി. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂർ പ്രസംഗിച്ചത്.

Tags:    
News Summary - Shashi Tharoor Excluded from Palestine Solidarity Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.