മലപ്പുറം: മലബാർ യാത്രയെ ചൊല്ലി കോൺഗ്രസിനകത്ത് പോര് തുടരുന്നതിനിടെ ശശി തരൂർ എം.പി പാണക്കാട്ടെത്തി. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാണ് തരൂർ എത്തിയത്. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ തരൂരിനെ സ്വീകരിച്ചു.
തരൂരിനെ എം.കെ രാഘവൻ എം.പിയും അനുഗമിക്കുന്നുണ്ട്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മലപ്പുറം ഡി.സി.സി ഓഫിസും തരൂർ എത്തും. പെരിന്തൽമണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവിൽ സർവിസ് അക്കാദമിയിൽ വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ സന്ദർശിക്കും.
ബുധനാഴ്ച കണ്ണൂരിലാണ് തരൂരിന്‍റെ പരിപാടികൾ. എത്തുന്നിടത്തെല്ലാം വലിയ ജനപിന്തുണയാണ് തരൂരിന് ലഭിക്കുന്നത്. ജനകീയ അടിത്തറ ശക്തമാക്കും വിധമാണ് തരൂരിന്‍റെ നീക്കങ്ങൾ. എല്ലാ മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളും സാംസ്കാരിക നേതാക്കളുടെ വസതികളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.