വി. വേണു, ഷെയ്ഖ് ദര്‍വേഷ് സാഹിബ്

വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹെബ് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി വി. വേണുവിനെയും സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹെബിനെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും പൊലീസ് മേധാവി അനിൽകാന്തും ജൂൺ 30ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. ജയില്‍ മേധാവി കെ. പദ്മകുമാറിനെ മറികടന്നാണ് ഷെയ്ഖ് ദര്‍വേഷ് സാഹെബ് പൊലീസ് മേധാവി സ്ഥാനത്തെത്തുന്നത്.

1990 ഐ.എ.എസ് ബാച്ച് അംഗമായ ഡോ. വി. വേണു കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. 2018ലെ പ്രളയത്തിനു ശേഷം റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവായും പ്രവർത്തിച്ചു.

1990 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹെബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സർവിസ് ആരംഭിച്ച അദ്ദേഹം എസ്.ബി.സി.ഐ.ഡി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പൊലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.

എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ. അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്ത്തേക്കര്‍.

Tags:    
News Summary - Sheikh Darvesh Sahib State Police Chief; V. Venu new Chief Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.