പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഡച്ച് ഭരണത്തിൽനിന്ന് ദ്വീപിനെ തിരിച്ചുപിടിക്കാൻ ചൈനീസ് പ്രവിശ്യൻ ഭരണാധികാരിയായിരുന്ന കോഷിംഗയുടെ സൈന്യത്തിലെ ചില ഇസ്‍ലാം മത വിശ്വാസികളായ പട്ടാളക്കാരെയാണ് തായ്വാനിലെ ആദ്യ മുസ്‍ലിം സമൂഹമായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. ഇന്ന് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ അരശതമാനം പോലും ഇല്ലാത്തവരാണ് മുസ്‍ലിംകൾ. കൂടാതെ, ചൈന, മ്യാന്മർ, തായ്‍ലന്റ് പോലുള്ള രാജ്യങ്ങളിൽനിന്ന് കുടിയേറിപ്പാർത്തവരും ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ചില ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും പഠനത്തിനും ഉപജീവനമാർഗങ്ങൾക്കുമായി എത്തിയവരുമുണ്ട്.
ഓരോ വെള്ളിയാഴ്ചയും ഇവിടത്തെ പള്ളികളിലെല്ലാം വിശ്വാസികൾ ഒത്തുകൂടുന്നത് വളരെ ഹൃദ്യമാണ്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പലരും ജുമുഅ നമസ്കാരത്തിന് വരുന്നത്. ചിലരാവട്ടെ മക്കളെയും പേരമക്കളെയും കൊണ്ടുവന്നു ഇസ്‍ലാമിന്റെ തനതായ കാര്യങ്ങൾ പരിചയപ്പെടുത്തിക്കൊടുക്കുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം പള്ളിയിലേക്ക് വരുന്ന എല്ലാവർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നുണ്ട്.
നമ്മുടെ നാടൻ കഞ്ഞി മുതൽ ഇന്തോനേഷ്യൻ- ചൈനീസ്- തായ് വാൻ വിഭവങ്ങളുമുണ്ടാവും അക്കൂട്ടത്തിൽ. ചിക്കനും ബീഫും ഈത്തപ്പഴവും മറ്റു പച്ചക്കറികളുമെല്ലാം അടങ്ങുന്ന ചോറും നൂഡിൽസുമാണ് കൂടുതലായി ഇവിടെ വിളമ്പുന്നത്. കൂടുതൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാത്ത തായ്വാനികൾ ചൂടുകാലത്ത് തണുപ്പുള്ളതും തണുപ്പ് കാലത്ത് ചൂടുള്ളതുമായ സൂപ്പുകളും വിതരണം ചെയ്യുന്നു. ഈ സന്തോഷത്തിൽ പങ്കുചേരാൻ വേണ്ടി സഹോദര മതസ്ഥരും ഫിലിപ്പീൻ-വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലെ സുഹൃത്തുക്കളും നിരീശ്വര പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരുമെല്ലാം ഒത്തുകൂടാറുണ്ട്.
അതേസമയം ആവശ്യക്കാർക്കനുസരിച്ചുള്ള ഹലാൽ മാംസാഹാരം തായ്വാൻ നഗരങ്ങളിൽ ലഭ്യമല്ല. ഇത് മാംസാഹാരം കഴിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയാസമുണ്ടാക്കാറുണ്ട്. എന്നാൽ, ഓരോ മസ്ജിദിനോടും ചേർന്ന് ഹലാൽ ഭക്ഷണശാലകൾ കാണുമ്പോൾ സന്തോഷകരമാണ്. ജനസംഖ്യയിൽ കൂടുതലും പന്നി മാംസത്തിൽ അഭയം പ്രാപിക്കുമ്പോൾ ‘ഹലാൽ കട്ട്’ മാംസത്തിന്റെ ലഭ്യത ഇത്തരം കടകളിലുള്ളത് വിശ്വാസികൾക്ക് ആശ്വാസകരമാണ്. ചിലർ വീട്ടിൽനിന്ന് കൊണ്ടുവരുന്ന പലഹാരങ്ങളും ഈത്തപ്പഴവും കൂൾഡ്രിങ്ക്സുകളും മറ്റും വെള്ളിയാഴ്ചകളിൽ പള്ളിയിലെത്തുന്നവർക്ക് വിതരണം ചെയ്യുക വഴി പുതു തലമുറക്ക് സ്നേഹം പകർന്നുനൽകുന്നു.
റമദാൻ മാസത്തിലെ നോമ്പുതുറയുടെ തിരക്കിനെക്കുറിച്ച് പിന്നെ പറയുകയും വേണ്ട. വീടുകളിലും പള്ളികളിലും ഉയരുന്ന ഖുർആൻ വചനങ്ങളാണ് ഇതര മാസങ്ങളിൽനിന്ന് റമദാനിനെ ദ്വീപിലെ ജീവിതത്തിൽ കൂടുതൽ അന്വർഥമാക്കുന്നത്. വിദ്യാർഥികളും തൊഴിലാളികളുമെല്ലാം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നത് കാണാം. മദ്റസ വിദ്യാഭ്യാസം പിന്നാക്കം നിൽക്കുന്ന തായ്വാനിൽ റമദാനിൽ പ്രത്യേകം ഖുർആൻ പാരായണ സദസ്സുകൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട്. ശാന്ത മഹാ സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഫൊർമോസയിലെ ഏത് കാലാവസ്ഥയിലും ചെറിയ കുട്ടികളടക്കം നോമ്പനുഷ്ഠിക്കുന്ന കാഴ്ച വിശ്വാസികളല്ലാത്ത പ്രദേശവാസികൾക്ക് കൗതുകമുണർത്തുന്നു.
അയൽവീടുകളിലും കുടുംബങ്ങളിലും നോമ്പ് തുറക്കാൻ പോവുന്ന പതിവുണ്ടല്ലോ നാം കേരളീയർക്ക്. എന്നാൽ, ഇങ്ങനെയൊരു കാഴ്ച ഇവിടെ കാണുന്നത് വിരളമാണ്. ഇവിടുള്ളവർ മക്കളെയും പേരമക്കളെയും കൂട്ടി കുടുംബസമേതം ഓരോ ദിവസവും കിലോമീറ്ററുകൾ സഞ്ചരിച്ച് നോമ്പ് തുറക്കാൻ പള്ളികളിലെത്തിച്ചേരും. പിന്നീടവർ സുദീർഘമായ തറാവീഹ് നമസ്കാരാനന്തരമാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇവിടെ സ്ത്രീകൾക്ക് നമസ്കാര സൗകര്യം പ്രത്യേകം എടുത്ത് പറയേണ്ടതുമാണ്.
ഇഫ്താർ സമയത്ത് വളരെ വിപുലമായ രീതിയിൽ ചൈനീസ്-ഇന്തോനേഷ്യൻ-തായ്വാൻ ഭക്ഷണങ്ങളെല്ലാം പള്ളിയിൽതന്നെ പാചകം ചെയ്യുന്നു. പള്ളിയുടെ തൊട്ടടുത്ത് വസിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള സാധാരണക്കാരും ഉദ്യോഗാർഥികളും വിദ്യാർഥികളുമെല്ലാം ചേർന്നുകൊണ്ടാണ് ഇഫ്താർ വിഭവങ്ങളുണ്ടാക്കുന്നത്. മഗ് രിബ് നമസ്കാരാനന്തരം മുതിർന്നവർ അത് വിളമ്പി നൽകുമ്പോൾ ചെറിയൊരു ഗൃഹാതുരത്വവും അനുഭവപ്പെടുന്നു. പലരും വീടുകളിൽനിന്ന് എണ്ണക്കടികളും മറ്റു പലഹാരങ്ങളുമെല്ലാം പാകം ചെയ്ത് പള്ളിയിലേക്ക് കൊണ്ടുവരാറുമുണ്ട്.
സഹോദര മതസ്ഥർക്കെല്ലാം നോമ്പെടുക്കുന്ന വിശ്വാസികളോട് വളരെ ബഹുമാനവും സ്നേഹവുമാണ്. മുസ്‍ലിം സമൂഹത്തിന്റെ ആചാരങ്ങളെയും പ്രാർഥനകളെയും നോമ്പിനെക്കുറിച്ചുമെല്ലാം മനസ്സിലാക്കാൻ ഇവർ റമദാൻ കാലത്ത് പള്ളികളിലേക്ക് കടന്നുവരാറുണ്ട്. വിവിധ സംഘടന പ്രവർത്തകരും വിദ്യാർഥികളും ബ്ലോഗ് എഴുത്തുകാരും പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരുമെല്ലാം ഇക്കൂട്ടത്തിലുണ്ടാവും. ഇവിടെയുള്ളവർ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരാണ്. പള്ളികളിൽ അവരുടെതായ സകാത്തിന്റെ വിഹിതം ഒരുമിച്ച് കൂട്ടി പാവപ്പെട്ടവരുടെ രാജ്യങ്ങളിലേക്കാണ് നൽകാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.