മുഹമ്മദ് സഹിം
വടകര: പെൺകുട്ടികളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അശ്ലീല വിഡിയോകൾ ശേഖരിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊബൈലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെൺകുട്ടികളുടെ അശ്ലീല വിഡിയോകൾ.
റൂറൽ സൈബർ പൊലീസ് വെള്ളിയാഴ്ച അറസ്റ്റുചെയ്ത തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഷഹസാനിൽ മുഹമ്മദ് സഹിമിന്റെ (29) ഫോണിൽ നിന്നാണ് അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പെൺകുട്ടികളുമായി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് ശേഖരിച്ച അശ്ലീല വിഡിയോകൾ കണ്ടെത്തിയത്. ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ചില പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയതാണ് പ്രതിയെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. ഇയാളുടെ സൗഹൃദ വലയത്തിൽ കുടുങ്ങിയ നിരവധിപേരുണ്ടെങ്കിലും പലരും പരാതിയുമായി എത്തിയിട്ടില്ല.
വെള്ളിയാഴ്ച അറസ്റ്റുചെയ്ത സഹിമിനെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതിലൂടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന സഹിം വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. വിദേശത്തും നാട്ടിലുമായിരുന്നാണ് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല വിഡിയോകൾ അയപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽനിന്ന് ഫോട്ടോ ശേഖരിച്ച് പെൺകുട്ടികളുടെ പ്രൊഫൈൽ വെച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് അശ്ലീല വിഡിയോ അയപ്പിച്ച് സ്വന്തം മൊബൈലിൽ സൂക്ഷിക്കുകയാണ് പ്രതിയുടെ രീതി. മൂന്നുദിവസം കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.