കെ.വി തോമസിന് വേണ്ടി ബേബി ജോൺ നിന്നു, സി.പി.എം പിന്നില്‍ നിന്ന് കുത്തി -ഷിബു ബേബി ജോൺ

വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് കെ.വി തോമസ് തീരുമാനിച്ച സാഹചര്യത്തിൽ പഴയ ഓർമകൾ പങ്കുവെച്ച് ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. ഫ്രഞ്ച് ചാരക്കേസിന്‍റെ പേരില്‍ സി.പി.എം കെ.വി തോമസിനെ വേട്ടയാടിയതും മാഷിന്‍റെ മകന്‍റെ കല്യാണത്തിന് ഇടത് സർക്കാറിലെ മന്ത്രിയായിരുന്ന ബേബി ജോൺ രണ്ടും ദിവസം പങ്കെടുത്തതുമായ ഓർമകളാണ് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചത്.

മകന്‍റെ വിവാഹ ദിവസം തന്നെ കെ.വി തോമസിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുള്ള സാഹചര്യത്തിലാണ് ബേബി ജോൺ രണ്ട് ദിവസത്തെ ചടങ്ങുകളില്‍ പൂർണമായി പങ്കെടുത്തത്. ഈ വിഷയത്തിൽ ബേബി ജോണിനെയും ആര്‍.എസ്.പി പ്രവര്‍ത്തകരെയും വേട്ടയാടിയത് അന്നത്തെ പ്രതിപക്ഷം മാത്രമായിരുന്നില്ല. കോണ്‍ഗ്രസ് പിതാവിനെ നേരെ നിന്ന് എതിര്‍ത്തപ്പോള്‍ പിന്നില്‍ നിന്ന് കുത്തിയത് സി.പി.എമ്മും സി.പി.ഐയുമായിരുന്നുവെന്നും ഷിബു ബേബി ജോൺ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്ന് കെ.വി തോമസ് മാഷ് കണ്ണൂരിലെ സി.പി.എം സെമിനാറില്‍ പങ്കെടുക്കുകയാണല്ലോ. ഞാനുമായി അന്നും ഇന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ഞാന്‍ ആദ്യമായി 2001ല്‍ എം.എൽ.എയായി ജയിച്ചു വന്നപ്പോള്‍ മുതല്‍ എന്നോട് അങ്ങേയറ്റം വാല്‍സല്യവും സ്‌നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ പിതാവിനോടുള്ള സ്‌നേഹമാണ് എന്നോടുള്ളതെന്ന് അദ്ദേഹം പലവട്ടം എന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്. അതിന്റെ കഥ അദ്ദേഹം പറഞ്ഞതിങ്ങനെ; ഫ്രഞ്ച് ചാരക്കേസ് എന്ന കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സി.പി.എം മാഷിനെ വേട്ടയാടിയ കാലം. അന്ന് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. എന്‍റെ പിതാവ് ആ സര്‍ക്കാറില്‍ മന്ത്രിയാണ്. അക്കാലത്ത് നടന്ന മാഷിന്റെ മകന്റെ വിവാഹത്തിന് രണ്ട് ദിവസവും പൂര്‍ണ സമയം എന്റെ പിതാവ് ചടങ്ങുകളില്‍ പങ്കാളിയായിരുന്നു.

സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ നിര്‍ദേശപ്രകാരം വിവാഹം നടക്കുന്ന ദിവസങ്ങളില്‍ തന്നെ മാഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്ന് ശ്രുതി ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ് പതിവില്ലാതെ ഒരു വിവാഹത്തിന് രണ്ട് ദിവസവും പങ്കാളിയായ സ. ബേബി ജോണിന്റെ സാന്നിധ്യം തനിക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്ന് എന്നോട് പറഞ്ഞത് തോമസ് മാഷ് തന്നെയാണ്. ഈ സംഭവങ്ങളൊക്കെ മാഷ് ചിലപ്പോള്‍ മറന്നുപോയിട്ടുണ്ടാകാം, കാലം കുറേയായില്ലേ. എന്നാല്‍ ഇപ്പോള്‍ ഇത് ഓര്‍മിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. അതിന് വേണ്ടിയാണ് ഇത്രയും കുറിച്ചത്.

അനുബന്ധം: ഈ പോസ്റ്റിന് ക്യാപ്‌സ്യൂളായി സരസന്‍ സംഭവം പൊക്കിക്കൊണ്ട് ചിലര്‍ വരുമെന്ന് എനിക്കറിയാം. എന്നാല്‍ വാട്‌സാപ്പ് - ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ കിട്ടുന്ന ക്യാപ്‌സ്യൂളുകള്‍ക്കപ്പുറം ചരിത്രം അറിയാത്തവര്‍ക്കായി ഒരു വാക്ക്: സരസന്‍ സംഭവത്തിന്റെ പേരില്‍ സ. ബേബി ജോണിനെയും ആര്‍.എസ്.പി പ്രവര്‍ത്തകരെയും വേട്ടയാടിയത് അന്നത്തെ പ്രതിപക്ഷം മാത്രമായിരുന്നില്ല. കോണ്‍ഗ്രസിനൊപ്പം സി.പി.എമ്മും സി.പി.ഐയും കൂടി ചേര്‍ന്നാണ് ബേബി ജോണിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതും ബേബി ജോണിനെ 'കൊലയാളി' എന്ന് വിളിച്ചതും.

കോണ്‍ഗ്രസ് എന്റെ പിതാവിനെ നേരെ എതിരെ നിന്ന് എതിര്‍ത്തപ്പോള്‍ കൂടെ നിന്ന് പിന്നില്‍ നിന്നും കുത്തിയത് സി.പി.എമ്മും സി.പി.ഐയുമായിരുന്നു. അന്നത്തെ ഇടതുമുന്നണി സര്‍ക്കാറില്‍ ടി.കെ രാമകൃഷ്ണന്‍ മന്ത്രിയായിരുന്ന അഭ്യന്തര വകുപ്പിന് കീഴിലെ പൊലീസായിരുന്നു ഇടതുമുന്നണിയിലെ ഘടകകക്ഷിയായിരുന്ന ആര്‍.എസ്.പിയുടെ പ്രവര്‍ത്തകരെയെല്ലാം കൊലയാളികളായി മുദ്രകുത്തി മൂന്നാം മുറകള്‍ക്ക് ഇരയാക്കിയതെന്നുമുള്ള ചരിത്രം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ.

Tags:    
News Summary - Shibu Baby john React to KV Thomas to Attend CPM Party Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.