മുംബൈ: ഫിലിപ്പീൻസിൽ അപകടത്തിൽപെട്ട ചരക്കുകപ്പലിലെ മലയാളി ക്യാപ്റ്റനുവേണ്ടി പ്രാർഥനയോടെ കുടുംബവും സുഹൃത്തുക്കളും. വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം ഏഴിന് കപ്പൽ മുങ്ങി കാണാതായ 11 പേരിൽ മുംബൈക്കടുത്ത് വീരാറിലെ വിരാട് നഗറിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി ക്യാപ്റ്റൻ രാജേഷ് നായരും ഉൾപ്പെടും.
കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചക്കനാട് ഒാളിയിൽ പരേതനായ രാമചന്ദ്രൻ നായരുടെ മകനാണ് 42കാരനായ രാജേഷ്. കഴിഞ്ഞദിവസം ചെന്നൈ നുങ്കപ്പാക്കത്തുള്ള വൃധി മാരിടൈം ഒാഫിസിൽനിന്നാണ് കപ്പൽ മുങ്ങി രാജേഷിനെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്. ഇതോടെ, സഹായം ആവശ്യപ്പെട്ട് ഭാര്യ രശ്മിയും മറ്റ് ബന്ധുക്കളും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കപ്പൽ കമ്പനി അധികൃതരുമായും ബന്ധപ്പെട്ടു. തിരച്ചിൽ നടന്നുവരുന്നുവെന്ന് മാത്രമാണ് ഇവർ നൽകിയ മറുപടി.
കൊടുങ്കാറ്റിനെ തുടർന്നാണ് അപകടമെന്നാണ് വിവരം. രാജഷ് ഉൾപ്പെടെ 26 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 15 പേരെ അപകട സമയത്ത് പരിസരങ്ങളിലുണ്ടായിരുന്ന മൂന്ന് കപ്പലുകളിലെ ജീവനക്കാർ രക്ഷിച്ചു.
കഴിഞ്ഞ മേയിലാണ് ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത ‘എമറാൾഡ് സ്റ്റാർ’ ചരക്കുകപ്പലിൽ ക്യാപ്റ്റനായി രാജേഷ് പോയത്. കഴിഞ്ഞ എട്ടിനാണ് കപ്പൽ ഇന്തോനേഷ്യയിൽനിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാജേഷ് കുടുംബത്തിന് ഇ-മെയിൽ അയച്ചിരുന്നു. ചൊവ്വാഴ്ച ചൈനയിലും ഡിസംബറിൽ നാട്ടിലും എത്തുമെന്നായിരുന്നു വിവരം. ജപ്പാൻ തീരദേശ സേന തിരച്ചിൽ നടത്തുന്നതായാണ് അറിയിപ്പ്. വെള്ളിയാഴ്ച രാവിലെ എമറാൾഡ് കപ്പലിൽനിന്ന് അപായ സിഗ്നൽ ലഭിച്ചതായി ജപ്പാൻ തീരദേശ സേന അറിയിച്ചു.
സെക്കൻഡ് എൻജിനീയർ സുരേഷ് കുമാർ, അലങ്ക് രാം ജൂനിയർ, കുറപ്പയ്യ രങ്കസാമി, സുഭാഷ് ലൂർദ്സാമി, മുഹമദ് ഇർഫാൻ മൻസൂരി, സതീഷ്, രാം കൈലാസ്, രഞ്ജിത്, കിഗിൻ, ജഗൻ, ചിയോലെ, രാമൈ, കാർത്തികേയൻ തുടങ്ങിയവരെയാണ് രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.