ബേപ്പൂർ: ബേപ്പൂരില്‍ ബോട്ട് അപകടത്തില്‍പെടുമ്പോള്‍ സമീപത്തുണ്ടായിരുന്ന രണ്ടു വിദേശ കപ്പലുകളോട് തീരം വിടരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നിര്‍ദേശിച്ചു. രണ്ടു കപ്പലുകളും നിലവില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണുള്ളത്. രക്ഷപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ കപ്പലുകളില്‍ ഉടന്‍ പരിശോധന നടത്തും. കൊച്ചി തോപ്പുംപടി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന ബോട്ട് ബേപ്പൂര്‍ തീരത്ത് അപകടത്തില്‍പെടുമ്പോള്‍ സമീപത്തുണ്ടായിരുന്നത് മൂന്നു കപ്പലുകളാണെന്ന് നാവികസേന കണ്ടെത്തിയിരുന്നു. മുംബൈയിലേക്കും ഗുജറാത്തിലേക്കും പോവുകയായിരുന്ന വിദേശ കപ്പലുകളായിരുന്നു ഇവയില്‍ രണ്ടെണ്ണം. ഈ കപ്പലുകള്‍ക്കാണ് തീരം വിടരുതെന്ന് നിർദേശം നല്‍കിയത്.
ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന മറ്റൊരു കപ്പലും അപകടസമയം കടലിലുണ്ടായിരുന്നു. ഈ കപ്പലിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, പോര്‍ട്ട് എന്നീ വിഭാഗങ്ങളുമായി യോജിച്ചാണ് ഡി.ജി ഷിപ്പിങ് അന്വേഷണം നടത്തുന്നത്. അതേസമയം, തൊഴിലാളികള്‍ നല്കിയ മൊഴിയില്‍ ബോട്ടിലിടിച്ച കപ്പലിനെക്കുറിച്ചുള്ള സൂചനകളില്‍ വ്യക്തതക്കുറവുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടം നടന്നത് രാത്രിയായതിനാലും അപകട സമയത്ത് കനത്ത മഴയായിരുന്നതിനാലും രക്ഷപ്പെട്ടവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ല. സംഭവം നടന്ന് 12 മണിക്കൂറിനുശേഷമാണ് അപകട വിവരം അറിഞ്ഞത് എന്നതും വിവരശേഖരണത്തിന് തടസ്സമായി. ബോട്ടിലിടിച്ചത് ചുവപ്പുകളറുള്ള വലിയ കപ്പലാണെന്ന വിവരമാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
കഴിഞ്ഞ ജൂൺ ആദ്യത്തിൽ തോപ്പുംപടിയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ ‘കാർമൽ മാത’ എന്ന ബോട്ട് വിദേശ കപ്പൽ ഇടിച്ച് അപകടത്തിൽെപട്ടിരുന്നു. അന്ന് മൂന്നുപേരാണ് മരിച്ചത്. പാനമയിൽ രജിസ്റ്റർ ചെയ്ത ‘ആമ്പർ എൽ’ എന്ന വിദേശ ചരക്കു കപ്പലായിരുന്നു അന്ന് ബോട്ടിലിടിച്ചത്. നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കപ്പല്‍ ഉടനെത്തന്നെ പിടിച്ചെടുത്തിരുന്നു.2012-ൽ കേരള തീരത്തുവെച്ച് ഇറ്റാലിയൻ കപ്പൽ ബോട്ടിലിടിച്ചുണ്ടായ സമാന സംഭവത്തിൽ കപ്പലിെൻറ ക്യാപ്റ്റനുൾപ്പെടെ കപ്പൽ ജീവനക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കുകയും കപ്പലുടമയിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കാണാതായവരെ കണ്ടെത്തുന്നതടക്കം നടപടി ആവശ്യപ്പെട്ട് ഹരജി െകാച്ചി: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കണമെന്നും കാണാതായവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഒക്ടോബർ 11ന് രാത്രി ഒമ്പതോടെ ബേപ്പൂർ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെയുണ്ടായ അപകടത്തിൽ ബോട്ടിലുണ്ടായവരുടെ ബന്ധുക്കളായ ജോസ്, രാകേഷ്, വിജി, റെംഷ എന്നിവരാണ് ഹരജി നൽകിയത്. കൊച്ചി ഹാര്‍ബറില്‍നിന്ന് ബുധനാഴ്ച രാവിലെ മീന്‍പിടിക്കാൻ പുറപ്പെട്ട ‘ഇമ്മാനുവല്‍’ ബോട്ടിൽ ആറുപേരാണ് ഉണ്ടായിരുന്നതെന്ന് ഹരജിയിൽ പറയുന്നു. സംഭവം നടന്നയുടന്‍ കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവിയര്‍ (58) എന്നിവരെ മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാര്‍ഡും രക്ഷപ്പെടുത്തി. കുളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആേൻറാ (39), തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സ് (20) എന്നിവരുടെ മൃതദേഹം ബോട്ടില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം കണ്ടെത്തി.
ബോട്ടിെൻറ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാനുള്ള നടപടികളൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോ മറൈൻ, നേവൽ അധികൃതരോ സ്വീകരിച്ചിട്ടില്ല. അപകടം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
അതിൽ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയത്. അപകടമുണ്ടാക്കിയ കപ്പൽ തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും വൈകിയാൽ ബോട്ടിലെയും കപ്പലിെലയും തെളിവുകൾ നശിക്കാനും നശിപ്പിക്കാനുമിടയാക്കും. കപ്പലുമായി ബന്ധപ്പെട്ടവരുടെ താൽപര്യ സംരക്ഷണത്തിനാണ് അധികൃതർ നിലകൊള്ളുന്നതെന്ന് ഹരജിയിൽ പറയുന്നു. അപകടം സംബന്ധിച്ച് അന്വേഷിക്കാന്‍ മറൈൻ കാഷ്വാലിറ്റി ഇൻവെസ്റ്റിഗേഷൻ സെൽ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരച്ചിൽ തുടരണമെന്ന് കാണാതായവരുടെ ബന്ധുക്കൾ ബേപ്പൂർ: ബോട്ടുദുരന്തത്തെ തുടർന്ന് കാണാതായ മൂന്നു പേർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുക, ദുരന്തത്തിന് ഇടവരുത്തിയ കപ്പൽ കണ്ടെത്തുക എന്നീ ആവശ്യങ്ങളുമായി സർക്കാറിൽ സമ്മർദം ചെലുത്തുന്നതിന് ഹാർബർ വികസന സമിതി പ്രസിഡൻറ് കരിച്ചാലി പ്രേമനും കാണാതായ മൂന്നു പേരുടെ ബന്ധുക്കളും എം.കെ. രാഘവൻ എം.പിയുമായി നേരിൽ കണ്ട് സംസാരിച്ചു. നിർത്തിവെച്ച തിരച്ചിൽ പുനരാരംഭിക്കാൻ ബന്ധപ്പെട്ടവരോട് ഉടൻ ആവശ്യപ്പെടാമെന്ന് എം.പി ഉറപ്പുനൽകി. മത്സ്യത്തൊഴിലാളികളുടെ നിർദേശപ്രകാരം തിരച്ചിലിെൻറ രീതി മാറ്റുന്നതിന് അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ മുങ്ങിപ്പോയ ബോട്ട് അതേ സ്ഥലത്തുനിന്ന് വെള്ളത്തിെൻറ ഒഴുക്ക് അനുസരിച്ച് മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിപ്പോയിരിക്കും. മാത്രമല്ല മീൻപിടിത്തത്തിനുള്ള നീളമുള്ള വലിയ വല കെട്ടിപ്പിണഞ്ഞിട്ടുമുണ്ടാകും. ഏകദേശം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പിണഞ്ഞുകിടക്കുന്ന വലയും ചൂണ്ടയും ബോട്ടും കടലിെൻറ അടിത്തട്ടിൽ താഴ്ന്നിരിക്കും. താഴ്ന്നുകിടക്കുന്ന വലയും ബോട്ടും പൊക്കിക്കൊണ്ടുവന്നാലേ തിരച്ചിലിന് പ്രയോജനം ലഭിക്കുകയുള്ളൂ. ഇടിച്ച കപ്പലിനെക്കുറിച്ച് ഷിപ്പിങ് അതോറിറ്റിയോ നാവികസേനയോ ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. കടലോര മേഖലയിൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.