തിരുവനന്തപുരം: സാഹചര്യം മൂലം നഷ്ടമായ വിദ്യാഭ്യാസം 68ാം വയസ്സിലെങ്കിലും നേടിയെടുക്കണമെന്ന വാശിയിൽ സംസ്ഥാന സാക്ഷരത മിഷന്റെ ഏഴാംതരം തുല്യത പരീക്ഷയെഴുതാൻ നടൻ ഇന്ദ്രൻസ്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്കൂളിൽ പരീക്ഷക്കെത്തിയ നടനെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ അഭിനന്ദനം.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നാലാം ക്ലാസിൽ വെച്ച് പഠനം പാതിവഴിക്ക് നിർത്തേണ്ടി വന്നതാണ് ഇന്ദ്രൻസിന്. ജീവിതത്തിന് വേണ്ടി ബന്ധുവിന്റെ തയ്യൽകടയിൽ ജോലി ചെയ്യുകയായിരുന്നു പിന്നീട്. അവിടന്നാണ് ഇന്ദ്രൻസ് സിനിമയിലേക്ക് എത്തിയത്. പഠിക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഇപ്പോൾ അദ്ദേഹം.
തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളായിരുന്നു പഠനകേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം. 151 പേർ പരീക്ഷ എഴുതുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.