ആന്റോ അഗസ്റ്റിന്‍ ബി.ജെ.പിയില്‍ ചേരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായി ശോഭ സുരേന്ദ്രന്‍

തൃശൂര്‍: റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്‍ ബി.ജെ.പിയില്‍ ചേരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. തൃശൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. വയനാട് മുട്ടിലില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ ആന്റോ അഗസ്റ്റിന്‍ വന്നുകണ്ട്, പാർട്ടിയിൽ ചേരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നിങ്ങള്‍ ഇപ്പോള്‍ ഏതാണ് പാര്‍ട്ടിയെന്ന് ചോദിച്ചപ്പോള്‍ ബി.ഡി.ജെ.എസ് ആണെന്ന് പറഞ്ഞു. ആ പാര്‍ട്ടി നേതാക്കളുമായി അന്വേഷിച്ചപ്പോള്‍ അയാള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് മറുപടി ലഭിച്ചത്. പണമുണ്ടാക്കാന്‍ വേണ്ടി ഏതൊരു സ്ത്രീയുടെ വിശ്വാസ്യതയും തകര്‍ത്തു കളയാന്‍ ശ്രമിക്കുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്. മലപ്പുറത്തെ മാംഗോ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സഹായിക്കണമെന്ന് ആന്റോ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബി.ജെ.പി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതി ആന്റോ അഗസ്റ്റിന്‍ ആണെന്നും അവർ പറഞ്ഞു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്നെ വേട്ടയാടാന്‍ വേണ്ടി സതീശനെന്ന കരുവിനെ ആദ്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം ഇറക്കി. ഇതില്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

മുന്‍മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലേക്ക് തിരൂര്‍ സതീശന്‍ പോയപ്പോള്‍ കൂട്ടുകച്ചവടക്കാരനായി പോയത്, സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് ശ്രീശന്‍ അടിയാട്ടാണ്. താന്‍ 500 തവണ വീട്ടില്‍ ചെന്നുവെന്നാണ് ആന്റോ അഗസ്റ്റിന്‍ പറയുന്നത്. 500 വേണ്ട, അഞ്ചു തവണയെങ്കിലും താന്‍ വീട്ടില്‍ ചെയ്യതിന്റെ ഫോട്ടോയോ എന്തെങ്കിലും തെളിവോ പൊതുസമൂഹത്തിന് മുന്നില്‍ വെക്കാന്‍ ആന്റോ അഗസ്റ്റിന്‍ തയ്യാറാകണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍ ഐ.ടി.സി ചോള പോലുള്ള വലിയ ഹോട്ടലിലൊക്കെയാണ് താമസിക്കുന്നത്. താമസിക്കാനുള്ള മുറി ബുക്ക് ചെയ്തുകൊടുത്തിരുന്നത് ആന്റോ അഗസ്റ്റിനാണെന്നും പറഞ്ഞിരുന്നു. ഏതെങ്കിലും ഒരുമുറി ഇന്ത്യയിലെ ഒരു ഹോട്ടലില്‍ ശോഭാ സുരേന്ദ്രന് വേണ്ടി ബുക്കു ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ വിശദാംശങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ ഒറ്റതന്തയ്ക്ക് പിറന്നവനാണെങ്കില്‍ ആന്റോ അഗസ്റ്റിന്‍ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മാംഗോ മൊബൈല്‍ഫോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ മാത്രം ആന്റോ അഗസ്റ്റിനെതിരെ എത്ര കേസുകളാണ് നിലവിലുള്ളത്. കോടികളാണ് തട്ടിപ്പു നടത്തിയത്. ദുബൈയില്‍ ഒളിവില്‍ താമസിച്ച ആന്റോ പിന്നീട് കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോള്‍ ചിലര്‍ ആന്റോയെ കിഡ്‌നാപ്പ് ചെയ്ത് മലപ്പുറത്തെ ഒരു വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഇപ്പോള്‍ ആരോപണവുമായി രംഗത്തു വന്ന മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വീട്ടില്‍ താന്‍ പോയിട്ടില്ല. സതീശന്റെ കുടുംബത്തിനൊപ്പം താന്‍ നില്‍ക്കുന്നതായി പുറത്തുവിട്ടത് തന്റെ സഹോദരിയുടെ വീട്ടില്‍ വെച്ചുള്ള ചിത്രമാണ്. തന്റെ അമ്മയെ കാണാന്‍ എത്തിയപ്പോഴുള്ള ചിത്രമാണത്. ആ ഫോട്ടോയ്ക്ക് ഒന്നരവര്‍ഷത്തെ പഴക്കമുണ്ട്. വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിന് സതീശനെതിരെ കേസ് കൊടുക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - Shobha Surendran has asked to help Anton Augustine to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.