തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മിന്നൽ ഇടപെടൽ സംസ്ഥാന സർക്കാറിനെ വെട്ടിലാക്കി.
സിദ്ധാർഥിന്റെ മരണത്തിൽ കോളജ് അധികാരികളും കുറ്റക്കാരാണെന്ന പൊതുവികാരം നിലനിൽക്കെയാണ് വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ ഇടപെട്ട് നീക്കി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്.എഫ്.ഐയും സി.പി.എം അനുകൂല അധ്യാപകരും പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഭവത്തിൽ വി.സി അടക്കം കോളജ് അധികാരികൾക്കെതിരായ ആക്ഷേപം കണ്ടില്ലെന്ന് നടിച്ച്, നടപടി വിദ്യാർഥികൾക്കെതിരെ മാത്രമായി ഒതുക്കാനാണ് സംസ്ഥാന സർക്കാറും പൊലീസും ശ്രമിച്ചത്.
സർവകലാശാലകളുടെ അധികാരത്തിൽനിന്ന് ഗവർണറെ മാറ്റിനിർത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന മൂന്നു നിയമഭേദഗതി ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഏതാനും ദിവസം മുമ്പാണ്. ഇതോടെ സർവകലാശാലകളിൽ ചാൻസലർ എന്ന നിലയിൽ കൂടുതൽ ഇടപെടലിന് ഗവർണർ ശ്രമിക്കുമെന്ന് ഉറപ്പായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണ് കോളജ് അധികൃതർ ആദ്യം ശ്രമിച്ചത്. വിവരം പുറത്തായിട്ടും പൊലീസ് അന്വേഷണം കോളജ് അധികാരികളുടെ വീഴ്ചകളിലേക്ക് നീണ്ടില്ല. വി.സി കുട്ടികളോട് സ്നേഹമുള്ളയാളാണെന്നായിരുന്നു വകുപ്പു മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണം.
വിദ്യാർഥികൾക്ക് അപ്പുറത്തേക്ക് പൊലീസ് നടപടിയുണ്ടാകില്ലെന്ന ഘട്ടത്തിലാണ് സിദ്ധാർഥിന്റെ വീട് സന്ദർശിച്ച ഗവർണർ വി.സിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഗവർണർ ഇടപെടുമെന്ന് മനസ്സിലാക്കി ഡീൻ, ഹോസ്റ്റൽ വാർഡൻ എന്നിവരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ശനിയാഴ്ച രാവിലെ വി.സിയോട് നിർദേശിച്ചിരുന്നു. ഈ ഉത്തരവിൽ ഒപ്പിടാൻ സാവകാശം നൽകാതെ വി.സിയെതന്നെ സസ്പെൻഡ് ചെയ്ത അത്യപൂർവ നടപടിയിലൂടെ സർക്കാറിന്റെ കണക്കൂകൂട്ടൽ ഗവർണർ തെറ്റിച്ചു.
സർക്കാറിനോട് ഒന്നും പറയാതെയാണ് വി.സിയെ സസ്പെൻഡ് ചെയ്തതെന്ന മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണത്തിൽ അമ്പരപ്പ് പ്രകടമാണ്. അപ്പോഴും വി.സിക്കെതിരായ നടപടിയെ തുറന്ന് എതിർക്കാൻ സർക്കാറിനും പാർട്ടിക്കും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.