കാഞ്ഞിരപ്പള്ളി (കോട്ടയം): കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മരിച്ചവർ രണ്ടായി. കാഞ്ഞിരപ്പള്ളി കുരിശുകവലക്ക് സമീപം കരിമ്പനാൽ രഞ്ജു കുര്യൻ (49), മാതൃസഹോദരൻ കൂട്ടിക്കൽ പൂച്ചക്കൽ മാത്യു സ്കറിയയെ (78) എന്നിവരാണ് മരിച്ചത്. ഇരുവരെയും വെടിവെച്ച രഞ്ജുവിന്റെ സഹോദരൻ ജോർജ് കുര്യനെ (51) കസ്റ്റഡിയിലെടുത്തു.
രഞ്ജുവിനെ ജോർജ് വെടിവെക്കുന്നതിനിടെ തടസ്സം പിടിക്കാനെത്തിയപ്പോഴാണ് മാത്യുവിന് വെടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് 4.10ഓടെ തറവാട്ടിൽ വെച്ചായിരുന്നു സംഭവം. രഞ്ജുവിനെ കാഞ്ഞിരപ്പിള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതീവ ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മാത്യു തിങ്കളാഴ്ച അർധരാത്രിയാണ് മരിച്ചത്. രണ്ടരയേക്കർ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിതാവ് കുര്യനെ ജോർജ് തള്ളിയിട്ടതായി പറയുന്നു.
പരിഹാരത്തിന് കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിയ രഞ്ജു മാതൃസഹോദരൻ മാത്യു സ്കറിയയെയും വിളിച്ചു. ചർച്ച നടക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും ജോർജ് റിവോൾവർ എടുത്ത് രഞ്ജുവിനുനേരേ വെടിവെക്കുകയായിരുന്നു. ഇതിനിടെയാണ് മാത്യു സ്കറിയക്കും വെടിയേറ്റത്. രഞ്ജുവിന്റെ ഭാര്യ: റോഷിൻ. മക്കൾ: റോസ്മേരി, റീസാ മരിയ, കുര്യൻസ് സ്കറിയ, റോസാൻ. സഹോദരി: രേണു (ബാംഗ്ലൂർ). സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.