കൊച്ചി: സർക്കാർ സഹായം വൈകുന്നതിനാൽ കടക്കെണിയിലായ സപ്ലൈകോയുടെ സംസ്ഥാനത്തെ വിൽപനശാലകൾ അരിയടക്കം അവശ്യസാധനങ്ങളെല്ലാം തീർന്ന് പ്രതിസന്ധിയിൽ. സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും പീപ്ൾസ് ബസാറുകളിലുമടക്കം സബ്സിഡി സാധനങ്ങൾ പോലുമില്ല. 1500ൽപരം വിൽപന കേന്ദ്രങ്ങളിൽ മിക്കയിടത്തും സബ്സിഡിയിതര സാധനങ്ങളും സ്റ്റോക്കില്ല. സബ്സിഡി സാധനങ്ങളുണ്ടെങ്കിലേ ജനം വിൽപനശാലകളിലേക്ക് വരൂ. മാസം 36 മുതൽ 44 ലക്ഷംവരെ പേരാണ് സബ്സിഡി സാധനങ്ങൾ വാങ്ങിയിരുന്നത്. തേയില, കറിപ്പൊടികൾ തുടങ്ങിയവയും വില കുറച്ച് വിറ്റിരുന്നു. ഇതോടൊപ്പം സബ്സിഡിയിതര സാധനങ്ങളും മറ്റും വിൽപനയാകുന്നതാണ് സപ്ലൈകോയുടെ വരുമാനം. മാസങ്ങളായി ഇതൊന്നും നടക്കുന്നില്ല. ഇതോടെ 9-10 കോടി രൂപയിൽനിന്ന് നാലുകോടിയിൽ താഴെയായി പ്രതിദിന വരുമാനം.
കോടികളുടെ കുടിശ്ശിക പതിന്മടങ്ങായതോടെ പ്രതിസന്ധിയിലായ സപ്ലൈകോക്ക് മുൻകൂർ പണം കിട്ടാതെ വിതരണക്കാർ സാധനങ്ങൾ നൽകാതായതാണ് പ്രശ്നമായത്.
സാധനങ്ങൾക്ക് വിലവർധന ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി സർക്കാറിന് കത്ത് നൽകിയത് പരിഗണിക്കപ്പെടാതിരിക്കെ സാമ്പത്തിക സഹായവും അനുവദിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയത്. 13 സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാറിനെ സമീപിച്ചത്.
20 മുതൽ 30 ശതമാനം വരെ വില കുറച്ച് ഫ്രീ സെയിൽ സബ്സിഡി നിരക്കിൽ നൽകുന്ന 28 ഉൽപന്നങ്ങളുടെ വില വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്.
വിപണി ഇടപെടൽ നടത്തിയ ഇനത്തിൽ 1524 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. കോവിഡ് കാലത്തും മറ്റും കിറ്റ് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുകയും ഇതിൽപെടും.
കരാറുകാർക്കുള്ള സപ്ലൈകോയുടെ കുടിശ്ശിക 600 കോടിയിലേറെയാണ്. ഇത് അനുവദിക്കാതെ സാധനങ്ങൾ നൽകില്ലെന്ന കർശന നിലപാടാണ് കരാറുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.