പ്രോസ്തെറ്റിക് ഓർത്തോട്ടിക് ടെക്നീഷ്യൻമാർക്ക് ക്ഷാമം; ആർട്ടിഫിഷ്യൽ ലിംബ് സെൻറർ പ്രവർത്തനം പ്രതിസന്ധിയിൽ

തിരുവനന്തപുരം: പ്രോസ്തെറ്റിക് ഓർത്തോട്ടിക് ടെക്നീഷ്യൻമാരുടെ ക്ഷാമം കാരണം സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ലിംബ് സെൻററുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ജന്മനാലോ അല്ലാതെയോ സംഭവിക്കുന്ന വൈകല്യങ്ങൾ കുറക്കാൻ സഹായകമാകുന്ന ഉപകരണങ്ങൾ നൽകുന്ന സെന്‍ററുകളാണ് ടെക്നീഷ്യൻമാരില്ലാതെ പ്രതിസന്ധിയിലായത്.

ഇതോടെ, മെഡിക്കൽ കോളജുകൾക്ക് കീഴിലെ ഈ സെന്‍ററുകളിൽ കൃത്രിമ ഉപകരണങ്ങൾക്ക് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ പ്രതീക്ഷ നീളുകയാണ്. ഉപകരണങ്ങൾ നിർമിക്കുന്നതും ഘടിപ്പിക്കുന്നതും ആവശ്യമായ പരിശീലനം നൽകുന്നതും ടെക്നീഷ്യൻമാരാണ്. എന്നാൽ, അംഗീകൃത കോഴ്സുകൾ കേരളത്തിൽ വിരളമായതിനാൽ ടെക്നീഷ്യൻമാരുടെ വലിയ കുറവാണുണ്ടായത്.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ബാച്ചിലർ ഇൻ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക്സ് കോഴ്സ് കഴിഞ്ഞവരോ ഡിപ്ലോമ ഇൻ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക്സ് കോഴ്സ് കഴിഞ്ഞ് ഒരുവർഷം പ്രവൃത്തിപരിചയമുള്ളവരോ ആണ് ഈ തസ്തികകളിൽ ജോലി ചെയ്യേണ്ടത്. മുൻകാലങ്ങളിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സും രണ്ടര വർഷ ഡിപ്ലോമ കോഴ്സുമുണ്ടായിരുന്നത് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു. ആധികാരികതയുള്ള പഠനം നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക്സ് കോഴ്സ് ആയാണ് കൗൺസിൽ അംഗീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ഈ കോഴ്സ് ഇല്ല.

കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളജുകളിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തിയിരുന്നതും ഇപ്പോഴില്ല. കോട്ടയം മെഡിക്കൽ കോളജ് ബി.പി.ഒ കോഴ്സ് തുടങ്ങാൻ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം തേടിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് ആർട്ടിഫിഷ്യൽ ലിംബ് സെന്‍ററുകളുള്ളത്. ഇവിടെയെല്ലാം ജീവനക്കാരുടെ വലിയ കുറവാണ്. എല്ലാ സൗകര്യവുമുള്ള തൃശൂർ മെഡിക്കൽ കോളജിൽ പി.എസ്.സി നിയമനം നടക്കാത്തതിനാൽ പ്രവർത്തനം പ്രതിസന്ധിയിലുമാണ്.

Tags:    
News Summary - Shortage of prosthetic orthotic technicians; Artificial limb center function in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.