കൊച്ചി: അവശ്യസാധനങ്ങൾക്ക് വില കൂടില്ലെന്ന് പ്രഖ്യാപിച്ച് സർക്കാർ ആരംഭിച്ച സപ്ലൈകോ ഓണച്ചന്തകളിലും തീവില. സബ്സിഡി സാധനങ്ങൾ സ്റ്റോക്കില്ലാത്തതും പ്രശ്നം. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി നിരക്കില്‍ നല്‍കേണ്ട അരലിറ്റര്‍ വെളിച്ചെണ്ണ ലഭ്യമല്ല. പകരം ഒരു ലിറ്ററിന്റെ ശബരി വെളിച്ചെണ്ണ പകുതി മാത്രം സബ്സിഡി നിരക്കിലാണ് നല്‍കുന്നത്. മുളക്, മല്ലി, കുറുവ അരി തുടങ്ങിയവക്കും സര്‍ക്കാര്‍ നിശ്ചയിച്ച സബ്സിഡി വിലയെക്കാള്‍ കൂടിയ വിലയാണ്. 13 അവശ്യസാധനങ്ങള്‍ക്ക് ഒരിക്കലും വില കൂടില്ലെന്നായിരുന്നു സർക്കാർ അവകാശവാദം. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങൾ സബ്സിഡി വിലയിൽ ലഭ്യമാക്കാനായിരുന്നു തീരുമാനം. പൊതു വിപണിെയക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കിഴിവിൽ സബ്സിഡിയിതര സാധനങ്ങളും പച്ചക്കറിയും ലഭ്യമാക്കും എന്നും പ്രഖ്യാപിച്ചു. മുളക്, വൻപയർ, കടല എന്നിവക്കാണ് പ്രധാനമായും ക്ഷാമം. വൻപയർ പർച്ചേസ് ഓർഡർ പോലുമായിട്ടില്ല.
സബ്സിഡി സാധനങ്ങൾ പ്രഖ്യാപിത അളവിലോ തൂക്കത്തിലോ ലഭ്യമല്ലാത്തതും ഉപഭോക്താക്കൾക്ക് അധിക ചെലവുവരുത്തുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയനുസരിച്ച് 46 രൂപക്ക് അരലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കണം. എന്നാല്‍, മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും അരലിറ്റര്‍ വെളിച്ചെണ്ണയില്ല. പകരം ശബരിയുടെ ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണുള്ളത്. വില 126 രൂപ. മുളകിന് സര്‍ക്കാര്‍ നിശ്ചയിച്ച വില കിലോക്ക് 75 രൂപ. പക്ഷേ, 40 രൂപയുടെ അരക്കിലോ പാക്കറ്റാണ് സ്റ്റോക്കുള്ളത്. രണ്ടെണ്ണം വാങ്ങിയാല്‍ വില 80 ആകും. മല്ലിയുടെ സബ്സിഡി വില കിലോക്ക് 79 രൂപയാണെന്നിരിക്കെ 41.50 രൂപക്ക് അരക്കിലോ പാക്കറ്റാണ് വിൽക്കുന്നത്. കുറുവ അരിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില 25 രൂപ. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കിട്ടുന്നതാകട്ടെ 45 രൂപക്ക്.
വൻ വിലക്കുറവിൽ ഓണത്തിന് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച പച്ചക്കറിവിലയും കുതിക്കുകയാണ്. ബീന്‍സ് കിലോക്ക് 70 രൂപ, വള്ളിപ്പയര്‍ 75, പച്ചമുളക് 50, പടവലം 50, വെള്ളരി 40 എന്നിങ്ങനെയാണ് നിലവിലെ വില. വിലയില്‍ ഏറ്റവും മുന്നില്‍ തൊണ്ടന് മുളകാണ് -300 രൂപ. ഇഞ്ചിക്ക് 240, മാങ്ങക്ക് 110, ചെറുനാരങ്ങ 105 എന്നിങ്ങനെ പല ഇനങ്ങൾക്കും വില കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.