തിരുവനന്തപുരം: സ്വർണക്കടത്തിൽ ബന്ധമുള്ള ഉന്നതനാരെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഉന്നതനു പോലും റിവേഴ്സ് ഹവാലയിൽ പങ്കുണ്ട്. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്തു മൊഴിയാണു മുദ്രവച്ച കവറിൽ കോടതിക്കു കൊടുത്തത്. റിവേഴ്സ് ഹവാല അടക്കമുള്ള കാര്യങ്ങൾക്ക് സഹായം ചെയ്ത ഉന്നതനാരാണ്? ആ പേര് കേട്ട് കോടതി ഞെട്ടിയെങ്കിൽ കേരളം ബോധംകെട്ടു വീഴും. ഇതിനെല്ലാം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണു സി.പി.എം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണ്. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണരംഗത്ത് ഇറങ്ങാത്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയാഘവന് ആർ.എസ്.എസിന്റെ ഭാഷയാണ്. നാട്ടിൽ വർഗീയത ഇളക്കിവിടാനുള്ള ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടി എവിടെ നിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മുൻ കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ. സക്കീർ ഹുസൈൻ ഒരു പ്രതീകമാണ്, പണത്തിനും അധികാരത്തിനും വേണ്ടി ഏതുനിലയിൽ വേണമെങ്കിലും സി.പി.എം പോകുമെന്നതിന് ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി ബയോടെക്നോളജിയുമായി ബന്ധപ്പെട്ട് ഗോൾവാർക്കാരുടെ പേരിട്ടത് ശരിയല്ല. നെഹ്റു ട്രോഫി വിഷയത്തിൽ വി. മുരളീധരന്റെ ജവഹർലാൽ നെഹ്റുവിന് എതിരായ പ്രതികരണം ശരിയല്ല. കാര്യങ്ങൾ അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കണം. ഇക്കാര്യത്തിൽ തരൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.