തിരുവനന്തപുരം: രാജ്യത്തെ വിവിധ സർവകലാശാലകളിൽ നടക്കുന്ന സംവരണ അട്ടിമറിയെ കുറിച്ച് ലേഖനമെഴുതിയ ദലിത് - കീഴാള മുസ്ലിം പഠന വിദഗ്ധൻ ഡോ. കെ.എസ്. മാധവനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ കാലിക്കറ്റ് സർവകലാശാല ഇടത് സിൻഡിക്കേറ്റ് നടപടി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാലയെ ഇടത് - സവർണാധിപത്യ കേന്ദ്രമാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഡോ. കെ.എസ്. മാധവനെതിരെയുള്ള നടപടി.
രാജ്യത്ത് പുതുതായി രൂപംകൊള്ളുന്ന ദലിത് ആദിവാസി മുസ്ലിം മുന്നേറ്റങ്ങളെ അസഹിഷ്ണുതയോടെ ഇടതുപക്ഷ സിൻഡിക്കേറ്റ് കാണുന്നതിന്റെ തെളിവ് കൂടിയാണ് ഈ നടപടി. സർവകലാശാലയിൽ ഇടതു സിൻഡിക്കേറ്റ് നടത്തുന്ന സംവരണ അട്ടിമറി വ്യക്തമായ തെളിവുകളോടെ പുറത്തുവന്നതാണ്. അടുത്തകാലത്തു നടന്ന അധ്യാപക നിയമനങ്ങളിൽ ഇടതുപക്ഷ കുഴലൂത്തുകാർക്ക് അവസരമൊരുക്കുകയും അർഹമായ റാങ്കുള്ളവരെ പുറന്തള്ളുകയും ചെയ്ത അനുഭവങ്ങൾ പലരും പങ്കുവെച്ചിട്ടുണ്ട്.
വിജ്ഞാന ഉത്പാദനത്തിലും വിനിമയത്തിലും ദലിത് - കീഴാള - മുസ്ലിം വിഭാഗങ്ങൾ ശക്തി പ്രാപിക്കുന്നത് സംഘ്പരിവാറിനെ പോലെതന്നെ ഇടതുപക്ഷവും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും മാത്രമായി യൂണിവേഴ്സിറ്റി തസ്തികകൾ സംവരണം ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്ന രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പിൻവാതിൽ നിയമനങ്ങളിലും സ്വജനപക്ഷപാതത്തിലും പേരുകേട്ട ഇടതുപക്ഷ ഭരണകൂടം നടത്തുന്ന ഇത്തരം ഏകാധിപത്യ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.