കൊച്ചി: സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെ പ്രതിയായ കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം തുടരും. അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയുമടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് അന്വേഷണം തുടരാനുള്ള തടസ്സം നീങ്ങി.
2016 ഫെബ്രുവരി എട്ടിന് ജസ്റ്റിസ് ബി. കെമാല്‍പാഷ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പി. ജയരാജന്‍, ടി.വി. രാജേഷ്, മൊറാഴ കാപ്പാടന്‍ പ്രകാശ്, കെ.വി. ഷാജി തുടങ്ങിയവര്‍ അപ്പീല്‍ ഹരജി നല്‍കിയത്. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. കണ്ണപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്വേഷണം തൃപ്തികരമല്ളെന്ന് ചൂണ്ടിക്കാട്ടി മാതാവ് ആത്തിക്ക ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ജയരാജനെയും രാജേഷിനെയും അടക്കം ഗൂഢാലോചനക്കേസ് ചുമത്തി പ്രതി ചേര്‍ക്കാതിരുന്ന നടപടിയെയാണ് മാതാവ് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. വസ്തുതകള്‍ പരിഗണിക്കാതെയും മരണപ്പെട്ടയാളുടെ മാതാവിന്‍െറ വികാരം മാത്രം കണക്കിലെടുത്തുമാണ് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, വസ്തുതകള്‍ ശരിയായി മനസ്സിലാക്കിയാണ് സിംഗിള്‍ബെഞ്ചിന്‍െറ വിധിയെന്നും അപാകതയില്ളെന്നും വ്യക്തമാക്കിയ ഡിവിഷന്‍ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.
ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കൊപ്പം പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും ഉണ്ടായിരുന്നിട്ടും ഇവരെ ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പുണ്ട്. തെളിവെടുപ്പിന് അന്വേഷണ ഉദ്യോഗസ്ഥരെ സമ്മതിക്കാതെ സമ്മര്‍ദങ്ങളില്‍പ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്. അന്വേഷണം നേരായ രീതിയിലല്ളെന്ന മാതാവിന്‍െറ ആരോപണം ശരിയാണെന്ന് വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്‍െറ ഉത്തരവെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.