സിദ്ധാർത്ഥൻ, പിതാവ് ജയപ്രകാശ് 

'ദുർബല വകുപ്പുകൾ ചുമത്തി രക്ഷപ്പെടാൻ അവസരം ഒരുക്കരുത്, പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണം'

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് ജയപ്രകാശ്. മുഴുവൻ പ്രതികളും പിടിയിലായെങ്കിലും നിലവിൽ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ ആണെന്ന് കുടുംബം ആരോപിക്കുന്നു. മകന്‍റെ മരണത്തിൽ നിയമപോരാട്ടം തുടരാൻ തന്നെയാണ് കുടുംബത്തിന്‍റെ തീരുമാനം.

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കുടുംബം പറയുമ്പോഴും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് സിദ്ധാർഥന്‍റെ പിതാവ് പറയുന്നു. റാഗിങ്ങിനെതിരായ ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുത്. രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെടുന്നു. നിലവിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിലും മറ്റ് കാര്യങ്ങൾ കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാനാണ് കുടുംബത്തിന്‍റെ ആലോചന.

മരണത്തിന് ശേഷം ഉയർന്നുവന്ന പരാതിയിലും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സിദ്ധാർഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതുവരെ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളും നെടുമങ്ങാട്ടെ വീട്ടിലെത്തി പറയുന്നു.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.

മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. കേസിൽ 18 വിദ്യാർഥികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. 

Tags:    
News Summary - Siddharth's father Jayaprakash said that he will continue the legal battle over his son's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.