സിദ്ദീഖ് അന്വേഷണ സംഘത്തിനു മുന്നിൽ; ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണർ ഓഫിസിലാണ് തിങ്കളാഴ്ച രാവിലെ സിദ്ദീഖ് എത്തിയത്.

പൊലീസ് കൺട്രോൾ റൂമിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പൊലീസ് കമാൻ്റ് സെൻ്ററിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നടന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഹാജരാകാൻ ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യാനല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ പൊലീസിന് മെയിൽ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചത്തെ ഒളിവുജീവിതത്തിനുശേഷം പുറത്തുവന്നിട്ടും സിദ്ദീഖിനെതിരെ നടപടി സ്വീകരിക്കാതിരുന്നതിൽ അന്വേഷണ സംഘത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. രണ്ടാഴ്ചയിൽ താഴെ മാത്രം സമയമാണ് അന്വേഷണ സംഘത്തിൻറെ മുന്നിലുള്ളത്.

ഈ സമയത്തിനുള്ളിൽ സിദ്ദീഖിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സാഹചര്യത്തെളിവുകൾ ലഭിച്ചിരുന്നു. ഇതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദീഖ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ഹരജി ഹൈകോടതി തള്ളി. തുടർന്ന് ഒളിവില്‍ പോയ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്താലും കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

Tags:    
News Summary - Siddique before the investigation team; Appeared for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.